മോദിയുടെ സത്യപ്രതിജ്ഞക്ക് മുമ്പേ തന്ത്രങ്ങള്‍ മെനഞ്ഞ് രാഹുല്‍ ഗാന്ധി; നേതാക്കളുമായി മാരത്തണ്‍ ചര്‍ച്ച

By Web TeamFirst Published May 30, 2019, 6:59 PM IST
Highlights

എന്‍സിപി നേതാവ് ശരത് പവാര്‍, ജെഡിഎസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ് എന്നിവരുമായാണ് വ്യാഴാഴ്ച രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയത്. 

ദില്ലി: നരേന്ദ്രമോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിനം സംസ്ഥാന-ദേശീയ നേതാക്കളുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ  മാരത്തണ്‍ ചര്‍ച്ച. എന്‍സിപി നേതാവ് ശരത് പവാര്‍, ജെഡിഎസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ് എന്നിവരുമായാണ് വ്യാഴാഴ്ച രാഹുല്‍ ഗാന്ധി വസതിയില്‍ കൂടിക്കാഴ്ച്ച നടത്തിയത്. രണ്ടാം മോദി സര്‍ക്കാര്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരമേറ്റെടുത്ത സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന് ചര്‍ച്ചയില്‍ വിഷയമായി. 

20മിനിറ്റോളം കുമാരസ്വാമിയുമായി രാഹുല്‍ ചര്‍ച്ച നടത്തി. പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന തീരുമാനത്തില്‍നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. കര്‍ണാടകയിലെ രാഷ്ട്രീയ അന്തരീക്ഷവും കുമാരസ്വാമി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയപ്പോഴാണ് കുമാരസ്വാമി രാഹുല്‍ ഗാന്ധിയെ കണ്ടത്. ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതിഗതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) നേതാവ് ശരദ് പവാറുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. പവാറിന്‍റെ വസതിയിലാണ് ഇരുവരും 45 മിനിറ്റോളം ചര്‍ച്ച നടത്തിയത്. മഹാരാഷ്ട്രയില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന എന്‍ഡിഎയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പവാര്‍ രാഹുലിനെ കണ്ടത്. എംഎന്‍എസ് നേതാവ് രാജ് താക്കറെയുമായും പവാര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നടത്തേണ്ട തെരഞ്ഞെടുപ്പ് സഖ്യനീക്കങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. അതിനിടെ എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന വാര്‍ത്ത പുറത്തുവന്നു. എന്നാല്‍, വാര്‍ത്ത തള്ളി എന്‍സിപി അധികൃതര്‍ തള്ളി. അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് പവാര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിങ്ങുമയും രാഹുല്‍ ഗാന്ധി രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.  ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് അഹമ്മദ് പട്ടേല്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുമായും ദിഗ് വിജയ് സിങ്ങുമായും ചര്‍ച്ച നടത്തി. ജൂണ്‍ ഒന്നിന് നടക്കുന്ന എഐസിസി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് മുന്നോടിയായാണ് നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത്. അന്നത്തെ യോഗത്തിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക. 

click me!