
ദില്ലി: പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ രാഹുൽ ഗാന്ധി നടത്തിയ കടുത്ത പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കിയ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന്‍റെ വിവരങ്ങൾ പുറത്ത്. അന്വേഷണത്തിന്റെ ഭാഗമായുള്ള എഫ് ഐ ആർ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ (BNS 118(1)), ജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കൽ (BNS 125) എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർഥിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എഫ് ഐ ആർ വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി നടത്തിയ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് കേസെടുത്തത്.
പെല്ലറ്റ് ഗൺ ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹിൽ ലോചവ് എന്ന വിദ്യാർത്ഥിയുമായി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി നടത്തിയ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് നടപടി. സാഹിലിന്റെ അമ്മയും പ്രിയങ്ക ഗാന്ധിയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. ദില്ലിയിൽ ജന്തർമന്ദിറിൽ നടന്ന സി ജെ പി പ്രതിഷേധത്തിനിടയുണ്ടായ സംഭവത്തിൽ വിദ്യാർത്ഥി നേരിട്ട് നൽകിയ പരാതിയിൽ കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് രാഹുൽ ഗാന്ധി നേരിട്ടെത്തി സ്റ്റേഷന് മുന്നിൽ സമരം ആരംഭിച്ചത്. ആറ് മണിക്കൂറിലേറെ നീണ്ട ശക്തമായ കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് കേന്ദ്ര സർക്കാരും ദില്ലി പൊലീസും വഴങ്ങിയതും കേസെടുക്കാൻ തയ്യാറായതും. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ സമരം അവസാനിപ്പിച്ച് രാഹുലും നേതാക്കളും മടങ്ങി. നീതിക്കായി നിലകൊള്ളുന്ന രാഹുൽ ഗാന്ധി 'അനീതി നേരിടുന്ന ഏവരുടെയും ഹീറോ'യാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam