'ആ രാഹുൽ ​ഗാന്ധി മരിച്ചു, ഞാന്‍ കൊന്നു'; രാഹുൽ പറയുന്നു

By Web TeamFirst Published Jan 9, 2023, 5:40 PM IST
Highlights

കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയിലെ തന്റെ പ്രതിച്ഛായയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. "നിങ്ങളുടെ മനസ്സിൽ ഒരു രാഹുൽ ഗാന്ധി ഉണ്ട്, ഞാൻ അയാളെ കൊന്നു. അയാൾ എന്റെ മനസ്സിൽ ഇല്ല. അയാൾ പോയി. നിങ്ങൾ കാണുന്ന വ്യക്തി രാഹുൽ ഗാന്ധിയല്ല". അദ്ദേഹം പറഞ്ഞു.

ദില്ലി: ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന രാഹുൽ ​ഗാന്ധിയെ താൻ കൊന്നുകളഞ്ഞെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയിലെ തന്റെ പ്രതിച്ഛായയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. "നിങ്ങളുടെ മനസ്സിൽ ഒരു രാഹുൽ ഗാന്ധി ഉണ്ട്, ഞാൻ അയാളെ കൊന്നു. അയാൾ എന്റെ മനസ്സിൽ ഇല്ല. അയാൾ പോയി. നിങ്ങൾ കാണുന്ന വ്യക്തി രാഹുൽ ഗാന്ധിയല്ല". അദ്ദേഹം പറഞ്ഞു.

തന്റെ പ്രസ്താവനയിൽ ആശ്ചര്യപ്പെടരുതെന്ന് മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി, അദ്ദേഹം പറയുന്നത് മനസിലാക്കാൻ  ഹിന്ദുമതത്തെക്കുറിച്ചും ശിവനെക്കുറിച്ചും വായിക്കാനും ഉപദേശിച്ചു. "പ്രതിച്ഛായയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. നിങ്ങൾ ആഗ്രഹിക്കുന്ന ചിത്രം നിങ്ങൾ സൃഷ്ടിക്കുന്നു. നല്ലതോ ചീത്തയോ, അത് നിങ്ങളുടേതാണ്, എന്റേതല്ല. എനിക്ക് എന്റെ ജോലി ചെയ്യണം". രാഹുൽ പറഞ്ഞു. 

ഇന്നലെ ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മക്ക് കാരണം ഇന്ത്യയിലെ കുറച്ച് സമ്പന്നരാണെന്നും ഇതിന് കാരണം കേന്ദ്ര സർക്കാരിന്‍റെ നടപടികളാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. രണ്ടോ മൂന്നോ സമ്പന്നരുടെ കൈയ്യിൽ പണം കുമിഞ്ഞ് കൂടുന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ യഥാർത്ഥ കാരണം. ഇതിന് പരിഹാരം കാണാൻ രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കണം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് പരിഗണിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. റിപ്പോർട്ട് വെറുതെ നടപ്പാക്കുമെന്ന് പറയാനില്ലെന്നും കമ്മീഷൻ നിർദേശങ്ങളുടെ സാമ്പത്തിക വശം അടക്കം പരിഗണിച്ച് നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുമെന്നുമാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്.

കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ചോദ്യങ്ങളോടും രാഹുൽ പ്രതികരിച്ചിരുന്നു. ഇത്തരം ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാൻ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങൾ കാണുന്ന രാഹുൽ അല്ല താൻ. ബിജെപി കാണുന്ന രാഹുലും അല്ല. താൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കണമെങ്കിൽ ഹിന്ദു ധർമ്മം പഠിക്കണമെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചിരുന്നു.    

Read Also: പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണെന്ന് പ്രധാനമന്ത്രി

click me!