
ഇംഫാൽ: മണിപ്പൂരിൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും എന്നാൽ ഇപ്പോഴും പ്രശ്നങ്ങൾ തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിൽ പ്രശ്നബാധിത മേഖലകളിൽ ജനങ്ങളെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിലുള്ള അതൃപ്തി മണിപ്പൂര്‍ ഗവര്‍ണറെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ തുടങ്ങിയ ശേഷം മൂന്നാം തവണയാണ് താൻ മണിപ്പൂരിൽ വരുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ചു. ജനങ്ങളോട് സംസാരിച്ചു. ഇത്തവണ താൻ മണിപ്പൂരിൽ വന്നത് ജനങ്ങളെ കേൾക്കാനും അവരിൽ ആത്മവിശ്വാസം വളർത്താനുമാണ്. മണിപ്പൂര്‍ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സര്‍ക്കാരിന് മേൽ സമ്മര്‍ദ്ദം ശക്തമാക്കും. ഇന്ത്യയിലെവിടെയും ഇതുപോലെ സാഹചര്യം കണ്ടിട്ടില്ല. താൻ മണിപ്പൂരിലെത്തിയത് ജനങ്ങളുടെ സഹോദരനായാണ്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കോൺഗ്രസ് പാർട്ടി എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സാഹചര്യത്തിലുള്ള അതൃപ്തി ഗവർണറെ അറിയിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു. എപ്പോഴൊക്കെ താനിവിടെ വരേണ്ടതുണ്ടോ അപ്പോഴൊക്കെ ഇവിടെ വരും, ജനങ്ങളെ കേൾക്കും. രാജ്യസ്നേഹികളെന്ന് സ്വയം കരുതുന്ന കേന്ദ്ര സർക്കാർ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ മണിപ്പൂർ സന്ദർശിക്കണമായിരുന്നു. അദ്ദേഹം മണിപ്പൂരിലെ ജനങ്ങളെ കേൾക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാകുമായിരുന്നു. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രശ്നങ്ങളില്ലെങ്കിലും പ്രധാനമന്ത്രി ഇവിടെ വരണം. മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണ്. കോൺഗ്രസ് എല്ലാ തരത്തിലും സഹകരിക്കാൻ തയ്യാറാണെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam