'വെറുപ്പ് വിതറി രാജ്യത്തെ ഭിന്നിപ്പിക്കുന്നു'; ബിജെപിക്കെതിരെ വിമർശനം തുടർന്ന് രാഹുൽ ഗാന്ധി

By Web TeamFirst Published Jun 2, 2023, 12:34 AM IST
Highlights

ചോദ്യങ്ങളെ നേരിടാൻ രാഷ്ട്രീയ നേതാക്കൾക്ക് കഴിയണം. സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും പിടിച്ചെടുക്കുകയാണ് ചെയ്യുന്നതെന്നും രാഹുൽ വിമർശിച്ചു.

വാഷിം​ഗ്ടൺ: ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ജനാധിപത്യത്തിൻ്റെ അടിത്തട്ടിന് ഇളക്കം സംഭവിച്ചിരിക്കുന്ന ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കുറയുകയാണ്. നിലനിൽക്കുന്ന വ്യവസ്ഥയെ മാറ്റിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വെറുപ്പ് വിതറി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. ചോദ്യങ്ങളെ നേരിടാൻ രാഷ്ട്രീയ നേതാക്കൾക്ക് കഴിയണം. സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും പിടിച്ചെടുക്കുകയാണ് ചെയ്യുന്നതെന്നും രാഹുൽ വിമർശിച്ചു.

അടുത്ത മൂന്ന് സംസ്ഥാനങ്ങളിൽ കർണാടക ആവർത്തിക്കും. പ്രതിപക്ഷ ഐക്യ ശ്രമങ്ങളിൽ നല്ല കാര്യങ്ങൾ സംഭവിക്കും. അടുത്ത തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കോൺഗ്രസ് നടത്തും. മോദി വീണ്ടും വരുമെന്ന പ്രചാരണത്തിനപ്പുറം വലിയ വിസ്മയം നടക്കുമെന്നും രാഹുൽ പറഞ്ഞു. ഇന്ത്യയും അമേരിക്കയും പ്രതിരോധ മേഖലയിൽ മാത്രമല്ല മറ്റു മേഖലകളിലും സഹകരണം വർധിപ്പിക്കണം.

ചെറുകിട വ്യവസായങ്ങളെ വളർത്തുകയാണ് ഇന്ത്യയിൽ ചെയ്യേണ്ടത്. എന്നാൽ ഇതിനെ തകർക്കുകയാണ് ബിജെപി. യുപിഎ കാലത്തെ വളർച്ച നിരക്ക് നിലവിൽ ഇല്ല. മാനനഷ്ടക്കേസിൽ ഇന്ത്യയിൽ പരാമവധി ശിക്ഷ ലഭിക്കുന്ന വ്യക്തിയാണ് താനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ കേസ് വഴി തന്നെ തകർക്കാമെന്നാണ് അവർ കരുതിയത്. പക്ഷേ അത് നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദില്ലിയുടെ അത്രയും വിസ്തൃതിയുള്ള സ്ഥലം ചൈന പിടിച്ചെടുത്തു കഴിഞ്ഞു. അമേരിക്കൻ സന്ദർശനം തുടരുന്ന രാഹുൽ ​ഗാന്ധി വിദേശ മണ്ണിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കുമ്പോൾ ബിജെപി വിമർശനം ശക്തമാക്കുന്നുമുണ്ട്. ഇന്ത്യൻ സമ്പദ് രംഗത്തെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വിമർശനത്തിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു.

രാജ്യത്തിന്റെ ജിഡിപി നിരക്ക് ഉയർന്നത് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമർശനം. രാഹുല്‍ ജിഎസ്ടിയെ ഗബ്ബാർ സിങ് ടാക്സ് എന്ന് പരിഹസിച്ചിരുന്നു. എന്നാൽ രാഹുല്‍ ഗാന്ധി സമ്പദ് രംഗത്തെ പുതിയ കണക്കുകള്‍ പഠിക്കണമെന്ന് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ലോകം ഇന്ത്യയെ വാഴ്ത്തുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ ഇകഴ്ത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം തന്‍റെ ഫോണ്‍ ചോർത്തിയെന്ന രാഹുലിന്‍റെ ആരോപണം പച്ചക്കള്ളമാണെന്നും പറഞ്ഞു.

അമേരിക്ക സന്ദർശനം തുടരുന്ന രാഹുൽ ഗാന്ധി ഇന്ത്യയിലെ രാഷ്ട്രീയ - സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് ഇവിടെ നടത്തുന്ന പ്രസംഗങ്ങളിലാണ് ബിജെപിക്ക് അതൃപ്തി. അതിനിടെ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ റഷ്യയോടുള്ള കേന്ദ്ര സർക്കാർ നയത്തെ രാഹുൽ ഗാന്ധി പിന്തുണച്ചിരുന്നു. റഷ്യയോട് ഇന്ത്യക്ക് ഉള്ളത് അടുത്ത ബന്ധമാണെന്നും ചില കാര്യങ്ങളില്‍ ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ദോസ്തിന് സൈഡ് കൊടുത്തില്ല; വണ്ടി വട്ടമിട്ട് ഇരുമ്പ് വടിയെടുത്ത് യുവാവ്, ബസിന്‍റെ ചില്ല് തവിടുപൊടി, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം

click me!