
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 15 കൊല്ലം ചെയ്തത് ഇനി തുടരാനാനാകില്ലെന്നും മോദി എതിരാളികളെ നിശബ്ദരാക്കാൻ നോക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമർത്തുകയാണ്. മോദിയുടെയും ചുറ്റുമുള്ളവരുടെയും നാളുകൾ എണ്ണപ്പെട്ട് കഴിഞ്ഞുവെന്നും രാഹുൽ പറഞ്ഞു. മോദിയെ മോഗമ്പോ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുലിൻ്റെ വിമർശനം. ചെന്നൈയിൽ നടക്കുന്ന ഛാത്രോം കി ഗൂഞ്ച് പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
മോദിക്ക് പെരിയാർ നൽകിയ സന്ദേശമെന്താണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനം ചോദ്യം ചെയ്യപ്പെടലാണ്. വോട്ട് മോഷണം സംസ്കാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഭാഷയിലേക്കും പാരമ്പര്യത്തിലേക്കുമുള്ള നുഴഞ്ഞു കയറ്റമാണ്. ജിജ്ഞാസയുടെ കടയ്ക്കൽ കത്തി വയ്ക്കുകയാണ് മോദിയും അമിത് ഷായും. ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിക്കുന്നു. തമിഴ്നാടിന്റെ സംസ്കാരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മോദിയുടെയും ചുറ്റുമുള്ളവരുടെയും നാളുകൾ എണ്ണപ്പെട്ട് കഴിഞ്ഞു. ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ തകർക്കാൻ ഒരാളെ കൊണ്ടും കഴിയില്ല. മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികളും ധനാഢ്യന്മാരുമാണ്. നീതിക്ക് മുന്നിൽ നിന്ന് മോദിയെ രക്ഷിക്കാൻ ഒരു ശക്തിക്കും ആകില്ല. മോദിയുഗം അവസാനിപ്പിക്കാതെ അടങ്ങില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിൽ കഴിഞ്ഞ കുറച്ചു നാളുകളായി അത് കാണുന്നു. വിദ്യാർഥികളെ തെരുവിൽ നേരിടുന്നത് ആർഎസ്എസ് ഗുണ്ടകളും മോദി ഭക്തരുമാണ്. ഇന്റർനെറ്റ് പോലും വിച്ഛേദിച്ചു. ജനാധിപത്യത്തെ തകർക്കാൻ ആരെയും അനുവദിയ്ക്കില്ല, അത് പ്രധാനമന്ത്രിയായാലും അമിത്ഷാ ആയാലും. രാജ്യത്തിന്റെ ഒത്തൊരുമയും വിദ്യാർഥികളെയും അടിച്ചൊതുക്കാൻ ആർക്കും കഴിയില്ല. അത് എത്ര അധികാരമുണ്ടെങ്കിലും പണമുണ്ടെങ്കിലും നടക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam