
മുംബൈ: രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും മുന്നിൽ നിന്നു നയിക്കുന്നതിൽ അദ്ദേഹത്തിനു സ്ഥിരത കുറവാണെന്നും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാറിന്‍റെ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ മറാഠി പത്രം ലോക്മത്തിന് നൽകിയ അഭിമുഖത്തിലാണു പവാര്‍ ഇത് വ്യക്തമാക്കിയത്. രാഹുൽ രാജ്യത്തെ നയിക്കാൻ പ്രാപ്തനായോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.
അതേസമയം, മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ രാഹുലിനെക്കുറിച്ചു തന്‍റെ പുസ്തകത്തില്‍ നടത്തിയ പരാമർശങ്ങൾ പവാർ തള്ളി. കോൺഗ്രസ് അനുയായികളായ ബഹുഭൂരിപക്ഷത്തിനും ഗാന്ധി–നെഹ്റു കുടുംബത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിക്ക് പുറത്ത് ലഭിക്കുന്ന സ്വീകാര്യത അയാള്‍ക്ക് പാര്‍ട്ടിയിലുള്ള പരിഗണനയും അനുസരിച്ച് ഇരിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞു.
മകൾ സുപ്രിയ സുളെ മഹാരാഷ്ട്രയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് സുപ്രിയയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നായിരുന്നു മറുപടി.
അതേ സമയം മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിയതിന്റെ സൂചനയാണെന്ന് എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍ പറഞ്ഞു.
ആറ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ് എന്‍സിപി,ശിവസേന സഖ്യം വിജയിച്ചപ്പോള്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. നാഗ്പുര്‍, പുനെ എന്നീ സീറ്റുകളില്‍ ബിജെപിക്ക് പരാജയം സംഭവിച്ചതാണ് ഏറ്റവും ശ്രദ്ധേയമെന്നും പവാർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam