പ്രധാന്റെ രാജിയിൽ ഒതുങ്ങില്ല, പ്രധാനമന്ത്രി മാപ്പ് പറയണം; കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്നവരെ ഓർത്ത് അഭിമാനമെന്നും രാഹുൽ ഗാന്ധി

Published : Jul 25, 2026, 05:06 PM IST
Rahul Gandhi

Synopsis

ധർമേന്ദ്ര പ്രധാന്റെ രാജിയെ സ്വാഗതം ചെയ്ത രാഹുൽ ഗാന്ധി, ഇതൊരു വലിയ ചുവടുവെപ്പാണെന്ന് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി പ്രക്ഷോഭത്തെ അഭിനന്ദിച്ച അദ്ദേഹം, പ്രധാനമന്ത്രി മാപ്പ് പറയണമെന്നും വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു

ദില്ലി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനഃസൃഷ്ടിക്കുന്നതിലേക്കുള്ള വളരെ വലിയൊരു ചുവടുവെപ്പാണ് ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവിലിറങ്ങി ജനാധിപത്യത്തെയും ഭരണഘടനയെയും സ്വന്തം ഭാവിയെയും സംരക്ഷിക്കാൻ ഉറച്ചുനിന്ന രാജ്യത്തെ എല്ലാ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി. കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്ന എല്ലാവരെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

പ്രധാനമന്ത്രി മാപ്പ് പറയണം

എന്നാൽ പ്രക്ഷോഭത്തിന്റെ പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളെയും രാജ്യത്തിന്‍റെ ഭാവിയെയും അപമാനിച്ചതിന് പ്രധാനമന്ത്രി മോദി മാപ്പ് പറയണമെന്നും, സമരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ രണ്ട് ആവശ്യങ്ങൾക്ക് വേണ്ടി പ്രക്ഷോഭം തുടരുമെന്നും രാഹുൽ വ്യക്തമാക്കി. കർഷകരും തൊഴിലാളികളും പാവപ്പെട്ടവരുമടക്കം ഈ ഭരണകൂടം അടിച്ചമർത്തിയ എല്ലാ വിഭാഗങ്ങളും സ്വന്തം ആത്മാഭിമാനത്തിനായി ഭരണഘടനാപരമായ രീതിയിൽ പോരാടണമെന്നും, ഈ സർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റാനുള്ള സമയം അടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരും 'ഭയപ്പെടേണ്ട' എന്നും എല്ലാവരും ഈ സർക്കാരിനെതിരായ പോരാട്ടത്തിനിറങ്ങണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.

പാറ്റകളുടെ വിജയമെന്ന് അഭിജീത് ദീപ്കേ

ധർമേന്ദ്ര പ്രധാന്റെ രാജി പാറ്റകളുടെ വിജയമെന്നായിരുന്നു കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേയുടെ ആദ്യ പ്രതികരണം. ജീവനൊടുക്കിയ കുട്ടികളുടെ ചിത്രത്തെ നോക്കി നിങ്ങൾക്ക് നീതി കിട്ടിയെന്ന് പറഞ്ഞ ദീപ്കെ കുട്ടികൾക്ക് ആദരാഞ്ജലി നേരുന്നുവെന്നും കൂട്ടിച്ചേർത്തു. വിജയം ജീവനൊടുക്കിയ കുട്ടികള്‍ക്ക് സമര്‍പ്പിക്കുന്നു. ഏകാധിപതിയുടെ പരാജയമാണെന്നും ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെയും വിജയമെന്നും ദീപ്കേ പറഞ്ഞു. ജന്തർമന്തറിൽ ആഘോഷത്തോടെ വൈകാരികമായിട്ടാണ് സമരക്കാര്‍ പ്രതികരിച്ചത്. മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണെന്നും സിജെപി ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നൽകണം. എടുത്ത കേസുകളെല്ലാം പിൻവലിക്കണം. പ്രതികാര നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകണമെന്നും സിജെപി ആവശ്യപ്പെട്ടു. പൊലീസിനെതിരെ നടപടി വേണമെന്നും സിജെപി ആവശ്യമുന്നയിച്ചു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ദില്ലിയിൽ 35 ദിവസമായി നടത്തിവരുന്ന സമരത്തിനൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ ഇന്ന് ഉച്ചയോടെ രാജിവച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാവികരും കേന്ദ്ര സർക്കാറിനെതിരെ രം​ഗത്ത്, ഇനിയെത്ര പേർ മരിക്കണം? ഇന്ത്യ മൗനം പാലിക്കുന്നു; രൂക്ഷ വിമർശനവുമായി നാവികരുടെ കൂട്ടായ്മ
രാജിയുടെ കാരണം, ധർമേന്ദ്ര പ്രധാന്‍റെ രാജിക്കത്തിന്‍റെ പൂർണ രൂപം; ' ഒരു വിദ്യാർത്ഥിയുടെ പോലും ഭാവി നിയമങ്ങളിൽ കുടുങ്ങാതിരിക്കാൻ...'