
ദില്ലി: ഇന്ത്യ നാവികർ ആക്രമിക്കപ്പെട്ടിട്ടും മൗനം പാലിക്കുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി നാവികരുടെ കൂട്ടായ്മയായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ. ഇനിയും എത്രപേർ മരിച്ചാലാണ് ശക്തമായ ഒരു പ്രതികരണമെങ്കിലും നടത്തുകയെന്നും, തുടരുന്ന മൗനത്തിന് നാവികരുടെ ജീവനാണ് വിലയായി നൽകേണ്ടി വരുന്നതെന്നു നാവികർ പറഞ്ഞു. ഇറാൻ തീരത്ത് 28 നാവികരുള്ള കപ്പലാക്രമിക്കപ്പെട്ട വീഡിയോ പങ്കുവെച്ചായിരുന്നു പ്രതിഷേധം.
മൊസാംബിക് പതാക വഹിക്കുന്ന കപ്പലിൽ 28 ഇന്ത്യൻ നാവികരാണ് ആക്രമിക്കപ്പെട്ടത്. നാവികർ താമസിക്കുന്ന ഭാഗം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ഇന്ത്യൻ നാവികരുള്ള കപ്പലുകൾ ബോധപൂർവ്വം ആക്രമിക്കുന്നുവെന്നാണ് നാവികരുടെ കൂട്ടായ്മ ആരോപിക്കുന്നത്. അന്താരാഷ്ട്ര ഫോറങ്ങളിൽ ശക്തമായ ശബ്ദമുയർത്താനോ, മരണപ്പെട്ടവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാനോ അധികൃതർ തയറാവുന്നില്ലെന്നാണ് കേന്ദ്രത്തിനെതിരായ വിമർശനം.
ഇനിയും എത്ര മൃതശരീരങ്ങൾ കണ്ടാലാണ് ഇന്ത്യ ശക്തമായ ശബ്ദമുയർത്തുക എന്നാണ് നാവികരുടെ ചോദ്യം. ആർക്കും ആക്രമിക്കാനുള്ളവരല്ലെന്നും ഞങ്ങൾ ഇന്ത്യ പൗരന്മാരാണെന്നും നാവികർ കുറിച്ചു. എന്നാൽ കപ്പലാക്രമിച്ചത് അമേരിക്കയോ ഇറാനോ സമ്മതിച്ചിട്ടില്ല. 28 നാവികരെ ഇറാനാണ് രക്ഷപ്പെടുത്തിയത്.
ഇറാൻ കപ്പലെന്ന് കരുതി അമേരിക്ക എൽപിജി ടാങ്കർ ആക്രമിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയെന്ന് ഇറാൻ ആരോപിച്ചിരുന്നു. നിരവധി ഇന്ത്യൻ നാവികരാണ് ഇതിനോടകം മരിച്ചത്. നേരത്തെ, ഹോർമൂസിൽ ചികിത്സ കിട്ടാതെ മരിച്ച ഇന്ത്യൻ നാവികൻ നിഷാന്ത് ഉയിർത്തനാഥന്റെ മൃതദേഹം അഴുകാതിരിക്കാൻ വെള്ളക്കുപ്പി നിരത്തി തണുപ്പിക്കാൻ ശ്രമിച്ച ദൃശ്യങ്ങൾ പുറത്തായത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. 9 ഇന്ത്യൻ നാവികരെങ്കിലും ഇതുവരെ മരിച്ചെന്നാണ് കണക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam