രാജിയുടെ കാരണം, ധർമേന്ദ്ര പ്രധാന്‍റെ രാജിക്കത്തിന്‍റെ പൂർണ രൂപം; ' ഒരു വിദ്യാർത്ഥിയുടെ പോലും ഭാവി നിയമങ്ങളിൽ കുടുങ്ങാതിരിക്കാൻ...'

Published : Jul 25, 2026, 04:27 PM IST
big breaking dharmendra pradhan resigns neet paper leak row student protest cjp

Synopsis

നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളെ തുടർന്നുള്ള പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. വിദ്യാർത്ഥികളുടെ ഭാവി നിയമപോരാട്ടങ്ങളിൽ കുടുങ്ങാതിരിക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. അഴിമതിക്കേസ് സിബിഐക്ക് വിട്ടതുൾപ്പെടെയുള്ള സർക്കാർ നടപടികളെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളെയും ചോദ്യപേപ്പർ ചോർച്ചയെയും തുടർന്ന് രാജ്യമെമ്പാടും അലയടിച്ച ശക്തമായ ജനരോഷത്തിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ രണ്ടു പേജുള്ള രാജിസത്ത് സമർപ്പിച്ചാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ഭാവി ദീർഘകാല നിയമ-രാഷ്ട്രീയ പോരാട്ടങ്ങളിൽ കുടുങ്ങിപ്പോകരുത് എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്ന് രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.

'എന്‍റെ യുവസുഹൃത്തുക്കളെ' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന കത്തിൽ, പരീക്ഷാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെ ധർമേന്ദ്ര പ്രധാൻ ന്യായീകരിച്ചു. അഴിമതിക്കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐക്ക് വിട്ടതും, പരീക്ഷകൾ റദ്ദാക്കി വീണ്ടും സുതാര്യമായി നടപ്പിലാക്കാൻ എടുത്ത തീരുമാനങ്ങളും കത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രധാനമന്ത്രി നൽകിയ പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും നന്ദി അറിയിച്ച അദ്ദേഹം, വിദ്യാർത്ഥികളുടെയും രാജ്യത്തിന്‍റെയും സുഗമമായ മുന്നോട്ടുപോക്കാണ് തനിക്ക് പരമപ്രധാനമെന്നും കൂട്ടിച്ചേർത്തു.

2026-ലെ നീറ്റ് പരീക്ഷാ ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്ന് ആഴ്ചകളോളം ഡൽഹി കേന്ദ്രീകരിച്ച് നടന്ന വൻ പ്രതിഷേധങ്ങൾക്കും ശക്തമായ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ശേഷമാണ് ഈ അപ്രതീക്ഷിത രാജി. രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഉയർന്ന കടുത്ത രാജിയാവശ്യം ഒടുവിൽ കേന്ദ്ര ഭരണകൂടത്തിന് അംഗീകരിക്കേണ്ടി വരികയായിരുന്നു.

രാജിക്കത്തിന്‍റെ പൂർണരൂപം വായിക്കാം

പ്രിയപ്പെട്ട യുവസുഹൃത്തുക്കളേ,

നാല് പതിറ്റാണ്ടിലേറെയായി ഞാൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെയും നന്മയ്ക്കായി എന്നെത്തന്നെ സമർപ്പിച്ചിരിക്കുകയാണ്. ശക്തവും ഉൾക്കൊള്ളുന്നതുമായ, ദീർഘവീക്ഷണമുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ശക്തമായ ഒരു രാജ്യത്തിന്‍റെ തറക്കല്ല് എന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു.

രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും ന്യായമായ പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിലെ ഒരു ധാർമ്മിക പ്രതിബദ്ധതയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് ഞാൻ അദ്ദേഹത്തോടുള്ള നന്ദി അറിയിക്കുന്നു. എന്നിരുന്നാലും, 2026 മേയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകൾ വെളിച്ചത്തുവരികയുണ്ടായി.

വിഷയത്തിന്‍റെ ഗൗരവം മനസിലാക്കി, കേന്ദ്ര ഉടനടി അന്വേഷണം സിബിഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, അടുത്ത വർഷം മുതൽ ഈ പരീക്ഷ സിബിടി (CBT - കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ) രീതിയിൽ നടത്താനും തീരുമാനമെടുത്തു.

ഈ കാലയളവിലുടനീളം, 20 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കായി പരീക്ഷ സുഗമമായി നടത്തുക എന്നതിനായിരുന്നു നമ്മുടെ പ്രഥമ പരിഗണന. 'മുഴുവൻ സർക്കാരും ഒന്നിച്ചുനിൽക്കുന്ന' സമീപനം സ്വീകരിച്ചാണ് ഞങ്ങൾ പ്രവർത്തിച്ചത്; കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരുകളും പ്രത്യേകിച്ച് ജില്ലാ ഭരണകൂടങ്ങളും നിർണായക പങ്കുവഹിച്ചു.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ 2026 ജൂൺ 21-ന് പരീക്ഷ വിജയകരമായി പൂർത്തിയായി. ആദ്യ ദിവസം മുതൽ ഞാൻ ഇതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സാഹചര്യങ്ങളിൽ നിന്ന് ഒരിക്കലും പിന്മാറാതിരിക്കുകയും ചെയ്തു. ഒരു മിടുക്കനായ വിദ്യാർത്ഥിയുടെയും കഴിവ് 'പരീക്ഷാ മാഫിയ' കാരണം ഇല്ലാതാകില്ലെന്നും ഒരു വിദ്യാർത്ഥിക്കും അനീതി നേരിടേണ്ടി വരില്ലെന്നും ഞാൻ ഉറപ്പിച്ചിരുന്നു.

ജൂലൈ 16-ന് പ്രഖ്യാപിച്ച നീറ്റ്-യുജി ഫലങ്ങൾ തൃപ്തികരമായിരുന്നു; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നുള്ള നിരവധി മിടുക്കരായ വിദ്യാർത്ഥികൾ വിജയം കൈവരിച്ചു. എന്നിരുന്നാലും, ഈ സമയത്തും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾ തടസങ്ങൾ സൃഷ്ടിക്കാനും വിദ്യാർത്ഥികളെ വഴിതെറ്റിക്കാനും ശ്രമിച്ചു, ഇത് എന്നെ ഏറെ വേദനിപ്പിച്ചു.

നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തിൽ എനിക്ക് എപ്പോഴും അചഞ്ചലമായ വിശ്വാസമുണ്ട്, കൂടാതെ യുവാക്കളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. അവർ ഇന്ത്യയുടെ ഭാവി മാത്രമല്ല; പുതിയതും വികസിതവുമായ ഇന്ത്യയുടെ വഴികാട്ടികളും നിർമ്മാതാക്കളുമാണ്. കഴിഞ്ഞ പത്തുദിവസത്തെ സംഭവവികാസങ്ങളിൽ ഞാൻ ഏറെ വേദനിക്കുന്നു. ഇത് എനിക്ക് വ്യക്തിപരമായ അന്തസിന്‍റെ പ്രശ്നമല്ല. ഇന്ത്യയുടെ യുവശക്തിയാണ് ഈ രാജ്യത്തിന്‍റെ യഥാർത്ഥ കരുത്ത്. രാജ്യത്തെ യുവാക്കൾ ആശയക്കുഴപ്പങ്ങളുടെ വലയിൽ അകപ്പെടാൻ അനുവദിക്കില്ലെന്നത് എന്റെ നിശ്ചയദാർഢ്യമാണ്.

ജന്തർ മന്തറിലെയും രാജ്യത്തുടനീളമുള്ളതുമായ സാഹചര്യം കണക്കിലെടുത്ത്—ദേശവിരുദ്ധ ശക്തികൾ ഇത് മുതലെടുക്കുന്നത് തടയുക, ദേശീയ ഐക്യം നിലനിർത്തുക, ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ പോലും ഭാവി നിയമപരമായ സങ്കീർണ്ണതകളിൽ കുടുങ്ങിപ്പോകുന്നില്ലെന്ന് ഉറപ്പാക്കുക, നമ്മുടെ കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കരിയർ കെട്ടിപ്പടുക്കാനും സമയം നൽകുക എന്നീ ലക്ഷ്യങ്ങളോടെ—ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് എന്റെ രാജി സമർപ്പിച്ചു.

ആദരണീയനായ പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശത്തിനും വിശ്വാസത്തിനും നിരന്തരമായ പിന്തുണയ്ക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. കേന്ദ്ര മന്ത്രിസഭയിലെ എന്റെ എല്ലാ സഹപ്രവർത്തകർക്കും, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും, ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു.

രാഷ്ട്രസേവനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുൻഗണന; ഈ ലക്ഷ്യത്തിനായി ഞാൻ എപ്പോഴും പ്രതിജ്ഞാബദ്ധനായിരിക്കും. ജഗന്നാഥ ഭഗവാന്റെ അനുഗ്രഹത്താൽ, ഭാരതമാതാവിന്റെയും ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ഭാവിയിലും സാധ്യമായ എല്ലാ രീതിയിലും ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നത് തുടരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്റെ സഹോദരൻ ഉൾപ്പടെ അവർക്കൊപ്പം നിന്ന് പോരാടി'; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രമുഖ നേതാക്കളുടെ പ്രതികരണം
ആശുപത്രി കിടക്കയിലും ആവേശം അടക്കാനാവാതെ വാങ്ചുക്ക്, 'ഇത് ജനാധിപത്യത്തിന്‍റ വിജയം', പ്രതിഷേധക്കാർക്ക് നന്ദിയറിയിച്ച് കുറിപ്പ്