'കള്ളന്മാര്‍ക്കെല്ലാം പേര് മോദി' പരാമര്‍ശം; രാഹുല്‍ ഗാന്ധി ഇന്ന് പട്‌ന കോടതിയില്‍ ഹാജരാകും

By Web TeamFirst Published Jul 6, 2019, 7:02 AM IST
Highlights

പട്‌നയിലെത്തുന്ന രാഹുൽ ഗാന്ധി മസ്തിഷ്ക ജ്വരത്തെ തുടർന്ന് കുട്ടികൾ മരിച്ച മുസഫർപൂരിലും സന്ദർശനം നടത്തിയേക്കും.

ദില്ലി: ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി നൽകിയ അപകീ‍ർത്തി കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് പട്‌ന കോടതിയിൽ ഹാജരാകും. മോദിയെന്ന് പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന് കർണാടകയിൽ നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്. 

കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പട്‌ന സിജെഎം കോടതിയില്‍ സുശീൽ കുമാര്‍ മോദി കേസ് നല്‍കിയത്. ഏപ്രിൽ പതിമൂന്നിന് നടത്തിയ പ്രസംഗത്തിൽ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്താണ് രാഹുൽ വിമർശിച്ചത്. 

'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 

പട്‌നയിലെത്തുന്ന രാഹുൽ മസ്തിഷ്ക ജ്വരത്തെ തുടർന്ന് കുട്ടികൾ മരിച്ച മുസഫർപൂരിലും സന്ദർശനം നടത്തിയേക്കും. ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശത്തിനെതിരെ ആർഎസ്എസ് പ്രവ‍ർത്തകൻ നൽകിയ പരാതിയിൽ രാഹുൽ മുംബൈ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ഹാജരായിരുന്നു.

click me!