
ദില്ലി: കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ വീണ്ടും സൂം കോൺഫ്രൻസ് വഴിയുള്ള വാർത്താ സമ്മേളനം വിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാവിലെ 11 മണിക്കാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകർക്ക് സൂം കോൺഫ്രൻസിലേക്ക് കണക്ട് ചെയ്ത് ചോദ്യം ചോദിക്കാം.
ഇതാദ്യമായല്ല രാഹുൽ കൊവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം സൂം വീഡിയോ കോൺഫ്രൻസ് നടത്തുന്നത്. ഏപ്രിൽ 16നായിരുന്നു ആദ്യത്തേത്ത്. സർക്കാരിൻ്റെ നടപടികൾക്കെതിരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ വാർത്താസമ്മേളനങ്ങളിൽ രാഹുൽ ഗാന്ധി ഉയർത്തിയത്. ഈയിടെ മുൻ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും, നോബേൽ ജേതാവ് അഭിജിത്ത് ബാനർജിയുമായും അഭിമുഖം നടത്തിയിരുന്നു. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യവും ഇതിൽ നിന്ന് പുറത്ത് കടക്കാനുള്ള മാർഗങ്ങളുമാണ് ഈ അഭിമുഖങ്ങളിൽ ചർച്ചയായത്.
കൊവിഡ് പ്രതിരോധത്തിൽ സർക്കാരിനോടുള്ള മൃദു സമീപനം ഇനി വേണ്ടെന്ന് കോൺഗ്രസ് തീരുമാനനിച്ചിരുന്നു. സാമ്പത്തിക പാക്കേജ് വൈകുന്നതിൽ സംസ്ഥാനങ്ങളെ മുന്നിൽ നിറുത്തി സമ്മർദ്ദം ശക്തമാക്കാൻ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചിരുന്നു.
ലോക്ക്ഡൗൺ തുടങ്ങിയ നാളുകളിൽ കോൺഗ്രസ് മൗനത്തിലായിരുന്നു. അതിഥി തൊഴിലാളികളുടെ വിഷയം പോലും തുടക്കത്തില്‍ ഏറ്റെടുക്കാനായില്ല. രാഹുൽഗാന്ധിയുടെ വിഡിയോ കോൺഫറൻസിംഗ് ശ്രമങ്ങൾ താഴെതട്ടി ചലനമുണ്ടാക്കുന്നില്ലെന്നായിരുന്നു പൊതു വിലയിരുത്തൽ. പ്രധാന തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ നേതാക്കളുടെ നിസംഗതയിൽ പാർട്ടിയിൽ അമർഷമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കൊവിഡ് പ്രതിരോധത്തോട് ഇതുവരെയുണ്ടായിരുന്ന മൃദു നിലപാട് മാറ്റി സജീവമാകാനുള്ള കോണ്‍ഗ്രസ് തീരുമാനം.