'ഞാൻ ആയിരുന്നെങ്കിൽ രാജ്യസഭാ സീറ്റ് വാങ്ങില്ല', രഞ്ജൻ ഗൊഗോയ്ക്ക് എതിരെ ജ.ദീപക് ഗുപ്ത

By Web TeamFirst Published May 8, 2020, 9:31 AM IST
Highlights

'ജുഡീഷ്യൽ കലാപം' എന്നറിയപ്പെട്ട, രഞ്ജൻ ഗൊഗോയ് അടക്കമുള്ളവർ അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ രംഗത്തെത്തിയ 2018 ജനുവരിയിലെ വാർത്താസമ്മേളനം ശരിയായിരുന്നില്ല. സുപ്രീംകോടതി മെച്ചപ്പെട്ടോ? ഇല്ല. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് ദീപക് ഗുപ്ത ആഞ്ഞടിക്കുന്നു.

ദില്ലി: മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് എതിരെ  വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. രഞ്ജൻ ഗഗോയിയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ രാജ്യസഭാ സീറ്റ് സ്വീകരിക്കില്ലായിരുന്നു. ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലെ  പാലമാകാനാണ് രാജ്യസഭാ സീറ്റ് സ്വീകരിച്ചതെന്ന  ഗൊഗോയിയുടെ നിലപാട് ദീപക് ഗുപ്‌ത തള്ളിക്കളയുന്നു. ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിൽ  എന്നും ഒരു പാലമുണ്ട്. അത് ചീഫ് ജസ്റ്റിസ് ആണെന്ന് ദീപക് ഗുപ്‌ത ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ രൂക്ഷവിമർശനമുയർത്തുന്നു. 

രഞ്ജൻ ഗഗോയ്ക്ക് എതിരായ ലൈംഗിക പീഡനാരോപണ കേസ് അദ്ദേഹം തന്നെ കേട്ടതിലും വിരമിച്ച ശേഷം ജസ്റ്റിസ് ദീപക് ഗുപ്ത അതൃപ്തി പരസ്യമാക്കുകയാണ്. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികപീഡനാരോപണക്കേസ് വന്നപ്പോൾ അപ്രതീക്ഷിത സിറ്റിംഗ് വിളിച്ചു ചേർത്തത് അനാവശ്യമായിരുന്നു. സംഭവത്തിന് ശേഷം സുപ്രീംകോടതിയിൽ കാര്യങ്ങൾ മെച്ചപ്പെട്ട നിലയിലായോ? ഇല്ല എന്നും ദീപക് ഗുപ്ത തുറന്നടിക്കുന്നു. 'വലിയ പണം' ഉൾപ്പെട്ട കേസുകളും 'വമ്പൻ നിയമസ്ഥാപനങ്ങൾ' വാദിക്കുന്ന കേസുകളുമാണ് സുപ്രീംകോടതിയിൽ ആദ്യം ലിസ്റ്റ് ചെയ്യപ്പെടുന്നതെന്നും അടക്കം ദീപക് ഗുപ്ത ഗുരുതരപരാമർശങ്ങളാണ് ഉന്നയിക്കുന്നത്. 

പരമോന്നത കോടതിയിൽ സുതാര്യത തേടി പരസ്യമായ വാർത്താസമ്മേളനം നടത്തി, 'ജുഡീഷ്യൽ കലാപം' നടത്തിയ രഞ്ജൻ ഗൊഗോയ് പിന്നീട് ചീഫ് ജസ്റ്റിസായപ്പോഴും സുപ്രീംകോടതിയിൽ കാര്യങ്ങൾ ഒട്ടും മെച്ചപ്പെട്ടില്ലെന്നും, ജനാധിപത്യപരമോ നിയമപരമോ ആയി സുപ്രീംകോടതിയിൽ നിർണായക കേസുകൾ പോലും നടക്കാതിരുന്നതിൽ ന്യായാധിപർക്കിടയിൽത്തന്നെ കടുത്ത അതൃപ്തിയുണ്ടായിരുന്നെന്നും വ്യക്തമാകുന്നതാണ് ഈ അഭിമുഖം.

അഭിമുഖത്തിന്‍റെ ഏകദേശമലയാള പരിഭാഷ:

പല സുപ്രീംകോടതി ന്യായാധിപരും വിരമിച്ച ശേഷം പദവികൾ ഏറ്റെടുക്കുന്നതിൽ നിലപാട് വ്യക്തമാക്കാറുണ്ട്. താങ്കളുടെ നിലപാടെന്താണ്?

സർക്കാരിൽ നിന്ന് ഒരു ഓഫറും ഞാൻ സ്വീകരിക്കില്ല. മുൻ സുപ്രീംകോടതി ജഡ്ജിമാരോ നിയമവിദഗ്ധരോ ആവശ്യമുള്ള ചില ട്രൈബ്യൂണലുകൾ ഉണ്ടാകാം. പക്ഷേ, എനിക്ക് അതിൽ താത്പര്യമില്ല. സുപ്രീംകോടതിയിൽ നിയമനങ്ങൾ നടത്താനുള്ള ചെറുസമിതികളിൽ അംഗമാകുന്നത് പോലെയല്ല, സർക്കാർ നേരിട്ട് തരുന്ന മറ്റ് നിയമനങ്ങൾ. അതിൽ വ്യത്യാസമുണ്ട്. ഇതെന്‍റെ നിയമപരവും വ്യക്തിപരവുമായ നിലപാടാണ്.

വിരമിച്ചതിന് ശേഷം സർക്കാർ ഓഫർ ചെയ്ത ജോലിയായി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നിയമനത്തെ കാണാനാകുമോ?

എന്‍റെ അഭിപ്രായത്തിൽ തീർച്ചയായും. ഞാനാണെങ്കിൽ അത്തരം പദവികൾ സ്വീകരിക്കില്ല. അത്തരം ജോലികൾ പോലും ആരും എനിക്ക് ഓഫർ ചെയ്യാൻ പോലും ശ്രമിക്കില്ലെന്ന് തന്നെയാണ് എന്‍റെ ബോധ്യം.

ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള പാലമാണ് തന്‍റെ നിയമനമെന്ന് ജസ്റ്റിസ് ഗൊഗോയ് പറഞ്ഞതിനെക്കുറിച്ച്?

എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള പാലം ഇപ്പോഴേ നിലനിൽക്കുന്നുണ്ടല്ലോ. അതാണ് ചീഫ് ജസ്റ്റിസ്. ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഞാൻ സേവനമനുഷ്ഠിച്ചപ്പോഴൊക്കെ വിവിധ മുഖ്യമന്ത്രിമാരുമായി ഞാൻ പല പ്രശ്നങ്ങളിലും ചർച്ച നടത്തിയിട്ടുണ്ട്.

വിമർശിക്കാനുള്ള അവകാശത്തെക്കുറിച്ച് എപ്പോഴും നിലപാട് താങ്കൾ തുറന്നുപറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ ആരും 'വിശുദ്ധപശുക്കൾ' അല്ലെന്ന് താങ്കൾ വ്യക്തമാക്കിയിട്ടുമുണ്ട്. ജനുവരി 12, 2018-ൽ സുപ്രീംകോടതി ജഡ്ജിമാർ തുറന്ന വാർത്താസമ്മേളനം നടത്തി അഭിപ്രായം തുറന്നടിച്ചതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?

ഞാൻ അന്ന് ദില്ലിയിലായിരുന്നില്ല. വിദേശയാത്രയിലായിരുന്നു. ഈ വിവരം അറിഞ്ഞപ്പോൾ ഞാൻ അസ്വസ്ഥനായി. വാർത്താസമ്മേളനം നടത്തുന്നതൊന്നും ഒരിക്കലും നല്ല ആശയമല്ല. വ്യക്തികളേക്കാൾ വലുതാണ് പ്രസ്ഥാനം. അവരെല്ലാവരും (ജസ്റ്റിസുമാരായിരുന്ന രഞ്ജൻ ഗൊഗോയ്, ജെ ചെലമേശ്വർ, കുര്യൻ ജോസഫ്, മദൻ ബി ലോകുർ) എന്നിവർ എന്ത് പ്രശ്നമുണ്ടെങ്കിലും സുപ്രീംകോടതിയുടെ അകത്ത് തന്നെ പറഞ്ഞ് തീ‍ർക്കണമായിരുന്നു. മാത്രമല്ല, ചീഫ് ജസ്റ്റിസ് സഹജഡ്ജിമാരുടെ പ്രശ്നങ്ങൾ കേൾക്കാനും തയ്യാറാകണമായിരുന്നു. അതും പ്രധാനമാണ്.

ഇത്തരത്തിൽ വിവാദവിഷയങ്ങളിൽ താങ്കളുടെ കാലയളവിൽ എന്തെങ്കിലും ചർച്ചകൾ ജഡ്ജിമാർക്കിടയിൽ നടന്നിരുന്നോ?

ഇല്ല. പക്ഷേ ഒരു ചീഫ് ജസ്റ്റിസും ഒരിക്കലും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ ഫുൾ കോർട്ട് വിളിച്ചിട്ടുമില്ല. കലണ്ടർ തീരുമാനിക്കാനോ, മുതിർന്ന അഭിഭാഷകരുടെ ലിസ്റ്റ് തയ്യാറാക്കാനോ അല്ലാതെ ഫുൾ കോട്ട് ഒരിക്കലും വിളിക്കാറില്ല. മുമ്പ് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയോട് അത്തരം അഭ്യർത്ഥന നടത്തിയെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. 

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ഒരു മുൻ സ്റ്റാഫംഗം ലൈംഗിക പീഡനാരോപണം ഉന്നയിച്ചിട്ട് ഒരു വർഷം പിന്നിടുന്നു. ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയത്. ജ. ഗൊഗോയ്ക്ക് ക്ലീൻ ചിറ്റ് ലഭിക്കുകയും ചെയ്തു. ഈ നടപടിയെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?

ഈ കേസിന്‍റെ മെറിറ്റ് എനിക്കറിയില്ല. സമിതിയ്ക്ക് മുന്നിൽ വന്നതെന്തെല്ലാം എന്നുമറിയില്ല. പക്ഷേ, ചീഫ് ജസ്റ്റിസിനെതിരായ ഒരു ലൈംഗികപീഡനാരോപണക്കേസ് വന്നപ്പോൾ അപ്രതീക്ഷിത സിറ്റിംഗ് വിളിച്ചു ചേർത്തത് (ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെത്തന്നെ ചോദ്യം ചെയ്യുന്ന നിലയിലുള്ള വിഷയമെന്ന നിലയിൽ അടിയന്തരമായി ഏപ്രിൽ 20, 2019-ന് രാവിലെ ചീഫ് ജസ്റ്റിസ് വിളിച്ച് ചേർത്ത ഹിയറിംഗ്. ഇതിൽ ഉത്തരവുണ്ടായെങ്കിലും, ആധ്യക്ഷം വഹിച്ച ചീഫ് ജസ്റ്റിസ് ഇതിൽ ഒപ്പിട്ടിരുന്നില്ല) ശരിയായിരുന്നില്ല. അതിന് ശേഷം സുപ്രീംകോടതി മെച്ചപ്പെട്ടോ? ഇല്ല.

ഈ സമിതിയിൽ സുപ്രീംകോടതി ജഡ്ജിമാർ മാത്രമാണുണ്ടായിരുന്നത് എന്ന വിമർശനം ഉണ്ടായിരുന്നതാണ്. പുറത്തുള്ളവർ ഉണ്ടായേ തീരൂ എന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഈ ഭരണഘടനാസ്ഥാപനത്തിന് വിശ്വാസ്യതയുണ്ടെന്ന് മനസ്സിലാക്കണം. ഈ സമിതിയ്ക്ക് സ്വന്തം നിലയിൽ പ്രവർത്തിക്കാം, തൽക്കാലം അതിൽ ഞാൻ അഭിപ്രായം പറയുന്നില്ല.

സുപ്രീംകോടതിയിൽ ചില കേസുകൾക്ക് പ്രാധാന്യം ലഭിക്കുന്നു എന്ന വിമർശനം താങ്കളുടെ ശ്രദ്ധയിൽ പെട്ടിരുന്നോ? ഇലക്ട്രൽ ബോണ്ടുകളെക്കുറിച്ചുള്ള ഹർജി വർഷങ്ങളോളം ലിസ്റ്റ് ചെയ്യപ്പെടാതെ ഇരിക്കുമ്പോൾ ചില കേസുകൾ ഫാസ്റ്റ് ട്രാക്കായി പോകുന്നു. 

തീർച്ചയായും. റജിസ്ട്രിയാണ് സുപ്രീംകോടതിയുടെ ദൈനംദിനകാര്യങ്ങളെ നയിക്കുന്നത്. പല ഹൈക്കോടതിയിൽ നിന്ന് വരുന്ന റജിസ്ട്രാർമാർ ഇവിടെയുണ്ടാകാം. ചീഫ് ജസ്റ്റിസും റജിസ്ട്രാർമാരുമാണ് ലിസ്റ്റിംഗ് തീരുമാനിക്കുന്നത്. അത്തരം പല മാനദണ്ഡങ്ങൾ വച്ച് കേസ് ലിസ്റ്റ് ചെയ്യുന്ന രീതി മാറണം. ടെക്നോളജിയുടെ അടിസ്ഥാനത്തിൽ വേണം കേസ് ലിസ്റ്റിംഗ് നടക്കാൻ.

'വലിയ പണം' ഉൾപ്പെട്ട കേസുകളും 'വമ്പൻ നിയമസ്ഥാപനങ്ങൾ' വാദിക്കുന്ന കേസുകളുമാണ് സുപ്രീംകോടതിയിൽ ആദ്യം ലിസ്റ്റ് ചെയ്യപ്പെടുന്നതെന്നത് ഞാൻ കണ്ടിട്ടുള്ളതാണ്.

അഭിമുഖത്തിന്‍റെ പൂർണരൂപം ഇവിടെ വായിക്കാം

click me!