
ദില്ലി: ദ്വിദിന സന്ദർശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം അവസാനം അമേരിക്കയിലേക്ക് പോകും. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പാണ് രാഹുൽ ഗാന്ധിയുടെ പര്യടനം. നേരത്തെ 10 ദിവസത്തെ സന്ദർശനം എന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് രണ്ട് ദിവസമായി ചുരുക്കുകയായിരുന്നു.
ഇരുപത്തിയെട്ടാം തീയതിയാണ് രാഹുൽ ഗാന്ധി അമേരിക്കയിലേക്ക് പുറപ്പെടുക. നേരത്തെ നിശ്ചയിച്ചത് പ്രകാരം ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗ്രൗണ്ടിൽ റാലി നടത്തും, കാലിഫോർണിയ, വാഷിംഗ്ടൺ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും, സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുമെന്നും അറിയിച്ചിരുന്നു. ജൂൺ 22 ആം തീയതിയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, ത്രിരാഷട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് തിരിച്ചു. രാവിലെ ദില്ലയില്‍ നിന്നും പുറപ്പെട്ട മോദി ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും. വിവിധ രാഷ്ട്രങ്ങളിലെ നേതാക്കളുമായും മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. തുടർന്ന് പാപ്പുവ ന്യൂഗിനിയയിലേക്ക് തിരിക്കുന്ന മോദി 22ന് പോർട്ട് മോർസ്ബിയിൽ ഫോറം ഫോർ ഇന്ത്യ പസഫിക് ഐലാൻഡ് കോർപ്പറേഷന്റെ മൂന്നാമത് ഉച്ചകോടിയിലും പങ്കെടുക്കും. ശേഷം ഓസ്ട്രേലിയയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തും. ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർ, വ്യവസായികൾ, സ്ഥാപനമേധാവികൾ എന്നിവരുമായും മോദി സിഡ്നിയിൽ സംവദിക്കും.
Also Read: 'പുതിയ പാർലമെന്റ് മന്ദിരം മോദിയുടെ പൊങ്ങച്ചം കാണിക്കാനുള്ള പ്രോജക്ട്'; പരിഹസിച്ച് കോൺഗ്രസ്