
പട്ന: ബീഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാന്‍ ഇന്ത്യ സഖ്യം മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും തീരുമാനം. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് വൻ ജനപങ്കാളിത്തം ലഭിക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തലിലാണ് നേതാക്കൾ ഒന്നടങ്കം പങ്കെടുക്കാനുള്ള തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യാത്രയുടെ ഭാഗമാകും.
ഏഴാം ദിവസത്തിലേക്ക് കടന്ന രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് വൻ ജനപങ്കാളിത്തം ലഭിക്കുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യ മുഖ്യമന്ത്രിമാരെയും നേതാക്കളെയും പങ്കെടുപ്പിച്ച് പോരാട്ടം ശക്തമാക്കാൻ തീരുമാനിച്ചത്. സഖ്യകക്ഷികളായ ഡി എം കെയും സമാജ് വാദി പാർട്ടിയും ജെ എം എമ്മും യാത്രയുടെ ഭാഗമാകും. വരുന്ന ബുധനാഴ്ച്ച ഡി എം കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ യാത്രക്ക് എത്തും. അടുത്ത ശനിയാഴ്ച്ച സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഹേമന്ത് സോറനും യാത്രയിൽ രാഹുലിനൊപ്പം ചേരും. കൂടാതെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, ഹിമാചൽമുഖ്യമന്ത്രി സുഖ്‌വിന്ദർ സുഖു തുടങ്ങിയവരും യാത്രയിൽ പങ്കെടുക്കുന്നുണ്ട്. യാത്ര ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തെ ഏറെ മുന്നോട്ടുകൊണ്ടുപോയി എന്നാണ് വിലയിരുത്തൽ.
അതേസമയം രാഹുൽ ഗാന്ധിയുടെ യാത്രയെ പ്രതിരോധിക്കാൻ ബിഹാറിൽ സഖ്യകക്ഷികളുമായിച്ചേർന്ന് സംയുക്ത മുന്നൊരുക്കങ്ങളിലാണ് ബി ജെ പി. രാഹുലിന്‍റെ വോട്ടർ അധികാർ യാത്രയെ എൻ ഡി എ സഖ്യത്തിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തി പ്രതിരോധിക്കാനാണ് ബി ജെ പി ഒരുങ്ങുന്നത്. താഴേത്തട്ടിലെ പോരായ്മകൾ പരിഹരിക്കുന്നതിനാണ് സംയുക്ത പ്രവർത്തകയോഗങ്ങൾ ചേരും. എൻ ഡി എയുടെ ഭാഗമായ ലോക്ജൻശക്തി പാർട്ടി, ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക്‌മോർച്ച എന്നിവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രവർത്തനത്തിന് സമിതികളെ നിയോഗിക്കും.
അതിനിടെ വോട്ടർ പട്ടിക തീവ്രപരിഷ്ക്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ ക്യാമ്പുകളിലേക്ക് നിരവധി പേരാണ് എത്തുന്നത്. കരട് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരെ നേരിട്ട് എത്തി പുതിയ അപേക്ഷ സമർപ്പിക്കുകയാണ്. തിരുത്തിന് അനുവദിച്ച സമയപരിധി തീരുന്നതിന് മുമ്പ് നടപടികൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് കമ്മീഷൻ ഉദ്യോഗസ്ഥരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam