ബാങ്കോക്ക് ട്രിപ്പിന് ശേഷം രാഹുല്‍ വരും; തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്നും കോണ്‍ഗ്രസ്

By Web TeamFirst Published Oct 6, 2019, 2:17 PM IST
Highlights

ഒക്ടോബര്‍ 11ന് ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പാര്‍ട്ടി അറിയിക്കുന്നത്. മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് പ്രചാരണത്തിനായി രാഹുല്‍ എത്തും. ഇരു സംസ്ഥാനങ്ങളിലെയും പ്രധാന പ്രചാരകരുടെ പട്ടികയില്‍ രാഹുലിന്‍റെ പേരുണ്ട്

ദില്ലി: ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ബാങ്കോക്കിലേക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ യാത്ര പോയത് ഇതിനകം വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍ നില്‍ക്കേണ്ട സമയത്താണ് രാഹുലിന്റെ യാത്ര എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയർന്നത്. ശനിയാഴ്ചയാണ് രാഹുൽ ​ഗാന്ധി ബാങ്കോക്കിലേക്ക് പോയത്.

എന്നാല്‍, പാര്‍ട്ടി അണികള്‍ക്കിടയിലും ഈ വിഷയം വലിയ ചര്‍ച്ചയായി മാറിയതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. ഒക്ടോബര്‍ 11ന് ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പാര്‍ട്ടി അറിയിക്കുന്നത്. മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് പ്രചാരണത്തിനായി രാഹുല്‍ എത്തും.

ഇരു സംസ്ഥാനങ്ങളിലെയും പ്രധാന പ്രചാരകരുടെ പട്ടികയില്‍ രാഹുലിന്‍റെ പേരുണ്ട്. രാഹുല്‍ ബാങ്കോക്കിലേക്ക് പോയതോടെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടാവില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഉള്‍പ്പാര്‍ട്ടി പോരില്‍ വലയുന്ന ഹരിയാന കോണ്‍ഗ്രസ് ഘടകത്തിന് കടുത്ത ആഘാതമേല്‍പ്പിച്ച് പ്രമുഖ നേതാവ് അശോക് തന്‍വര്‍ പാര്‍ട്ടി വിട്ട സമയത്താണ് രാഹുൽ ബാങ്കോക് സന്ദർശനമെന്നതും ശ്ര​ദ്ധേയമാണ്.

കഴിഞ്ഞ മാസം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയപ്പോള്‍ മുതല്‍ ഹൈക്കമാന്‍ഡുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന തന്‍വര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കുമ്പോഴാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടി ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ഇതിന് എതിരാളികള്‍ മാത്രമല്ല പാര്‍ട്ടിക്കുള്ളിലെ ശക്തമായ ആഭ്യന്തരപ്രശ്നങ്ങളും കാരണമാണെന്നും സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ അശോക് തന്‍വര്‍ പറഞ്ഞു. 

click me!