
ദില്ലി: ഉത്തരേന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്കറിന്‍റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെ അപലപിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനമാണ് നേതാക്കൾ ഉയർത്തുന്നത്. അതേസമയം, ദൈനിക് ഭാസ്‌കർ കൂടാതെ യുപി യിലെ ഭാരത് സമാചാർ എന്ന ചാനലിലും റെയ്ഡ് നടക്കുകയാണ്.
മാധ്യമ സ്ഥാപനങ്ങളെ ആക്രമിച്ച് കേന്ദ്രസർക്കാർ ജനാധിപത്യം തകർക്കുന്നു എന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. കേന്ദ്രസർക്കാർ മാധ്യമങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും സർക്കാരിന് സത്യം പറയുന്ന മാധ്യമങ്ങളോട് അസഹിഷ്ണുതയാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത് അഭിപ്രായപ്പെട്ടു. ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ വെറുതെ വിടില്ല എന്ന സന്ദേശമാണ് ഊ റെയ്ഡ് എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ദില്ലി, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ദൈനിക് ഭാസ്കറിന്‍റെ ഓഫീസുകളിലാണ് ഐടി വകുപ്പ് റെയ്ഡ് നടത്തിയത്. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിന്‍റെ വീഴ്ചകൾ തുടർച്ചയായി ചൂണ്ടിക്കാട്ടിയ പത്രമാണ് ദൈനിക് ഭാസ്കർ. ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതും, ഗംഗാതീരത്ത് നിറയെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചതും അടക്കമുള്ള കാര്യങ്ങളിൽ നിരവധി ഗ്രൗണ്ട് റിപ്പോർട്ടുകളാണ് പത്രം പ്രസിദ്ധീകരിച്ചത്. അതേസമയം, സിബിഡിടി - സെന്‍ട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ഇതുവരെ റെയ്ഡിനെക്കുറിച്ച് ഔദ്യോഗികമായി പ്രസ്താവന ഇറക്കിയിട്ടില്ല. ദൈനിക് ഭാസ്കറും ഇതേവരെ പ്രതികരിച്ചിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam