Elephant : ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവം; തമ്മിലടിച്ച് തമിഴ്നാട് വനം വകുപ്പും റെയിൽവേയും

By Web TeamFirst Published Nov 27, 2021, 6:25 PM IST
Highlights

സംഭവവുമായി ബന്ധപ്പെട്ട് 2 ലോക്കോ പൈലറ്റുമാരെ തമിഴ്‌നാട് വനം വകുപ്പ് തടഞ്ഞു വച്ചു. ഇതിന് പിന്നാലെ വിവരങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചു ആർ.പി.എഫും തടഞ്ഞു വച്ചു

വാളയാറിൽ ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവത്തില്‍ തമിഴ്നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം. സംഭവവുമായി ബന്ധപ്പെട്ട് 2 ലോക്കോ പൈലറ്റുമാരെ തമിഴ്‌നാട് വനം വകുപ്പ് തടഞ്ഞു വച്ചു. ഇതിന് പിന്നാലെ വിവരങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചു ആർ.പി.എഫും തടഞ്ഞു വച്ചു. ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൈക്കലാക്കി എന്നാരോപിച്ചാണ് ഇവരെ തടഞ്ഞു വച്ചിരിക്കുന്നത്.

കോയമ്പത്തൂരിനടുത്തുള്ള നവക്കരയില്‍ വച്ചാണ് മൂന്ന് കാട്ടാനകളെ ട്രെയിന്‍ ഇടിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്.

കാട്ടാനകള്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടമുണ്ടായത്. അപകടത്തേത്തുടര്‍ന്ന് പാലക്കാട്-കോയമ്പത്തൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ വാളയാറിനും തമിഴ്‌നാടിനും സമീപം മുമ്പും നിരവധി തവണ ട്രെയിനിടിച്ച് കാട്ടാനകള്‍ ചരിഞ്ഞ സംഭവമുണ്ടായിട്ടുണ്ട്. 

കഞ്ചിക്കോട് റെയിൽപാളത്തിൽ കാട്ടാന
കഞ്ചിക്കോട് റെയിൽപ്പാളത്തിലും വാളയാറിൽ കാട്ടികപ്പെട്ട പൊലീസുകാരെ തിരയുന്ന സംഘത്തിന് മുന്നിലും കാട്ടാനയെത്തി. കഞ്ചിക്കോട് ഇറങ്ങിയത് ഒറ്റയാനാണ്. ഇത് മേഖലയില്‍ പരിഭ്രാന്തി പരത്താന്‍ കാരണമായിരുന്നു. ഒക്ടോബര്‍ മാസം 9നായിരുന്നു സംഭവം. രാവിലെ പത്ത് മണിയോടെയാണ് പയറ്റുകാട് ഭാഗത്ത് ആന ട്രാക്കിലിറങ്ങിയത്. പാലക്കാട് ടസ്കർ 5 എന്ന് പേരിട്ടിരിക്കുന്ന കൊമ്പൻ മേഖലയിൽ സ്ഥിരം സാന്നിധ്യമാണ്. ആന ട്രാക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് പാലക്കാട് ഭാഗത്തേക്ക് വന്നിരുന്ന ചരക്ക് തീവണ്ടി കുറച്ച് സമയം ട്രാക്കിൽ നിർത്തിയിട്ടു. പിന്നീട് ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.

മാമലക്കണ്ടത്ത് കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചരി‌ഞ്ഞ നിലയിൽ
എറണാകുളം മാമലക്കണ്ടത്ത് കുട്ടിക്കൊമ്പനെ ഷോക്കേറ്റ്  ചരിഞ്ഞ നിലയിൽ  കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിന് സമീപമാണ് സംഭവം. മാമലക്കണ്ടം ചാമപാറയിൽ നിന്നും രണ്ട് കിലോമീറ്റ‌ർ അകലെയുള്ള പുരയിടത്തിന് സമീപമാണ് ജഡം കണ്ടെത്തിയത്. കാട്ടാനകൾ കുത്തിമറിച്ചിട്ട മരം ഇലട്രിക്ക് പോസ്റ്റിൽ വീണാണ് കുട്ടിക്കൊമ്പന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കുടിയേറ്റ- ആദിവാസി മേഖലയായ മാമലകണ്ടത്ത് കാട്ടാനകൾ എത്തുന്നത് പതിവാണ്. നേരത്തെയും ഇവിടെ വീടുകൾക്കും ആളുകൾക്കും നേരെ കാട്ടാനകളുടെ ആക്രമണം ഉണ്ടായിരുന്നു. 

click me!