
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ അനധികൃത കൈയേറ്റത്തിന്റെ പേരിൽ നൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. റെയിൽവേയുടെ ഭൂമിയിൽ അനധികൃതമായി താമസിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കുടിലുകൾ പൊളിച്ചുനീക്കിയത്. നിരവധി പൊലീസുകാരും ലോക്കൽ അഡ്മിനിസ്ട്രേഷൻ വിഭാഗവും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ന്യൂനപക്ഷ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന നയി ബസ്തി പ്രദേശത്തെ കുടിലുകളാണ് പൊളിച്ചത്. റെയിൽവേയുടെ ഭൂമിയിൽ വീടുകെട്ടി താമസിക്കുന്ന അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി താമസക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് താമസക്കാർ കോടതിയെ സമീപിച്ചു. കോടതി വിഷയം 21ന് പരിഗണിക്കാനിരിക്കെയാണ് ബുൾഡോസറെത്തി വീടുകൾ പൊളിച്ചത്.
135 വീടുകളാണ് പൊളിച്ചത്. പ്രദേശത്തെ 200ഓളം കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് പൊളിച്ചുനീക്കിയതെന്നും മഥുര-വൃന്ദാവൻ പാത ബ്രോഡ്ഗേജാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഡിവിഷണൽ എൻജിനീയർ നിതിൻ ഗാർഗ് പറഞ്ഞു. എന്നാൽ റെയിൽവേ നോട്ടീസ് നൽകിയതിന് പിന്നാലെ സിവിൽ കോടതിയെ സമീപിച്ചിരുന്നെന്ന് കുടുംബങ്ങളുടെ വക്കീൽ രാജേഷ് കുമാർ സെയ്നി പറഞ്ഞു. വിഷയത്തിൽ റെയിൽവേയുടെ നിലപാട് തേടി കോടതി നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നാണ് റെയിൽവേ അറിയിച്ചത്. നടപടികൾ തുടരുന്നതിനിടെ അപ്രതീക്ഷിതമായാണ് പൊളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഷാഹി ഈദ്ഗാഹ് പള്ളിയുമായി ബന്ധപ്പെട്ട കേസുകൾ നടക്കുന്നതിനിടെയാണ് പുതിയ സംഭവം.
Read More... മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗ ആരോപണം, പരാതിയുമായി മെയ്തെയ് യുവതി
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കല്‍ വര്‍ധിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണമുന്നയിച്ചിരുന്നു. കലാപം നടന്ന ഹരിയാനയിലെ നൂഹില്‍ ബുള്‍ഡോസര്‍ നടപടി തുടരുകയാണ്. അക്രമണം നടന്ന പ്രദേശത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. ഇതുവരെ നൂറോളം കെട്ടിടങ്ങള്‍ പ്രാദേശിക ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. ഒരുവിഭാഗത്തിന്‍റെ മാത്രം കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.