
റെയില്‍വേയിലെ നോണ്‍ ടെക്നിക്കല്‍ പോസ്റ്റുകളിലേക്ക് നടത്തി വന്നിരുന്ന നിയമന നടപടികള്‍ നിര്‍ത്തി വച്ചിട്ടും അക്രമം ഒഴിയാതെ ബീഹാര്‍. ബുധനാഴ്ചയാണ് റിക്രൂട്ട്മെന്‍റ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായത്. റിക്രൂട്ട്മെന്‍റ് ക്രമക്കേടാരോപിച്ച് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയായിരുന്നു ഇത്. ബീഹാറില്‍ പരക്കെ നടന്ന അക്രമത്തില്‍ ഒഴിഞ്ഞ് കിടന്നിരുന്ന നാല് റെയില്‍വേ കോച്ചുകളാണ് അഗ്നിക്കിരയായത്. ഉദ്യോഗാര്‍ത്ഥികളുടെ ആരോപണത്തില്‍ അഞ്ചംഗ സമിതിയെ വച്ചുള്ള അന്വേഷണത്തിനും റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.
നിരവധി ഉദ്യോഗാര്‍ത്ഥികളാണ് റെയില്‍വേയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന നിലയില്‍ പ്രതിഷേധത്തിനിറങ്ങിയത്. ഉത്തര്‍ പ്രദേശില്‍ സാമന രീതിയില്‍ പ്രതിഷേധത്തിന് ഇറങ്ങിയവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം പടരുമെന്ന വിവരങ്ങള്‍ എത്തുന്നതിനിടയിലാണ് റിക്രൂട്ട്മെന്‌റ് നടപടികള്‍ നിര്‍ത്തിവച്ചത്. ആരോപണത്തേക്കുറിച്ച് പഠിച്ച ശേഷം മാര്‍ച്ച് 4ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സമിതിയോട് റെയില്‍വേ നിര്ദ്ദേശിച്ചിരിക്കുന്നത്. 35281 ഒഴിവുകളിലേക്ക് 2019 ഫെബ്രുവരിയിലാണ് റെയില്‍വേ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത്. ആറ് വ്യത്യസ്ത ശമ്പള സ്കെയിലുകളിലേക്കാണ് പ്രവേശന പരീക്ഷ നടന്നത്. 1.25 കോടി ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകരായി എത്തിയതില്‍ നിന്ന് 7.05ലക്ഷം പേരാണ് ആദ്യ ഘട്ടത്തില്‍ യോഗ്യത നേടിയത്.
പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒഴിവുകളേക്കാള്‍ ഇരുപതിരട്ടി ഉദ്യോഗാര്‍ത്ഥികളെയാണ് രണ്ടാം ഘട്ടത്തിലേക്ക് ക്ഷണിച്ചത്. ഒന്നിലധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാന് സാധിക്കുമെന്നതിനാലായിരുന്നു ഇതെന്നാണ് റെയില്‍വേ വിശദമാക്കുന്നത്. യോഗ്യത അനുസരിച്ച് ഒന്നിലധികം പോസ്റ്റുകളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയുടെ സാധുത ചോദ്യം ചെയ്താണ് ഉദ്യോഗാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്.
നിയമന നടപടികൾ റെയിൽവേ നിർത്തിയിട്ടും ബീഹാർ സംഘർഷത്തിന് അയവ് വരാത്ത സാഹചര്യമാണ് നിലവിലുള്ളത്. നാലാം ദിനവും റെയിൽ ഗതാഗതം പൂർണ്ണമായി പുനരാരംഭിച്ചില്ല. അയൽ സംസ്ഥാനങ്ങളിലും ജാഗ്രത ശക്തമാക്കി. ട്രെയിനിന് തീയിട്ടവർക്കെതിരെ കർക്കശ നപടിയെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam