രാജ് കുന്ദ്ര ശ്രമിച്ചത് ഇന്ത്യയുടെ പോൺ കിംഗ് ആകാൻ, ഒടുവിൽ സംഭവിച്ചത്..!

By Web TeamFirst Published Jul 29, 2021, 11:42 AM IST
Highlights

താൻ പഴുതുകൾ എല്ലാം അടച്ചിട്ടുണ്ടെന്നും, ഒരന്വേഷണവും തന്നിലേക്ക് എത്തിച്ചേരില്ല എന്നുമുള്ള അമിതമായ ആത്മവിശ്വാസമാണ് രാജ് കുന്ദ്രയ്ക്ക് വിനയായത്

പോർണോഗ്രഫി കേസിൽ പിടിയിലായ, സുപ്രസിദ്ധ ബോളിവുഡ് അഭിനേത്രി ശിൽപ്പ ഷെട്ടിയുടെ ഭർത്താവ്, രാജ് കുന്ദ്രയുടെ പ്രശ്നങ്ങൾക്ക് അടുത്തൊന്നും അറുതിയുണ്ടാവുന്ന ലക്ഷണം കാണുന്നില്ല. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മുംബൈ കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കിയപ്പോൾ, പതിനാലു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയാണ് ഉണ്ടായത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യയിലെ നീലച്ചിത്ര നിർമാണ മാഫിയയെപ്പറ്റി അന്വേഷണങ്ങൾ തുടരുകയായിരുന്ന മുംബൈ ക്രൈംബ്രാഞ്ചിന്റെ വലയിൽ അപ്രതീക്ഷിതമായി കുടുങ്ങിയ കൊമ്പൻ സ്രാവായിരുന്നു രാജ് കുന്ദ്ര എന്ന ബ്രിട്ടീഷ് ഇന്ത്യൻ ബിസിനസ് മാഗ്നറ്റ്.

ആഴ്ചകൾക്ക് മുമ്പുതന്നെ ഈ കച്ചവടത്തിലുള്ള രാജ് കുന്ദ്രയുടെ പങ്കിനെപ്പറ്റി അവർക്ക് വിവരങ്ങൾ കിട്ടിയിരുന്നു എങ്കിലും, വേണ്ടത്ര തെളിവുകൾ ശേഖരിച്ച് കുന്ദ്രയെ അടപടലം പൂട്ടാൻ വേണ്ടി അവർ കാത്തിരുന്നതാണ് കാര്യങ്ങൾ ഇത്ര വൈകാൻ കാരണമായത്. "ഇതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ? നമ്മൾ എത്ര സന്തോഷത്തോടെ ജീവിച്ചുകൊണ്ടിരുന്നതാണ്" എന്നാണ്, ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു കൊണ്ട് ശില്പ ഷെട്ടിയും ചോദിച്ചത്. ഇവിടെ അവശേഷിക്കുന്ന ചോദ്യവും അതുതന്നെയാണ്. പതിറ്റാണ്ടുകൾക്കു മുമ്പേ ഭട്ടിണ്ടയിൽ നിന്ന് കുടിയേറി ലണ്ടനിൽ ചെന്ന് കഠിനാധ്വാനം ചെയ്തു പണക്കാരായ പഞ്ചാബി കുടുംബത്തിലെ രണ്ടാം തലമുറക്കാരനായ രാജ് കുന്ദ്രക്ക് , നീലച്ചിത്ര നിർമ്മാണമെന്ന ഇന്ത്യയിൽ നിയമം മൂലം വിലക്കപ്പെട്ട ബിസിനസ് നടത്തി പണമുണ്ടാക്കാനുള്ള ബുദ്ധി ഉദിച്ചത്, എങ്ങനെയാണ് ?

എല്ലാറ്റിന്റെയും തുടക്കം 2021 ഫെബ്രുവരി 3 -ന് മുംബൈ പൊലീസിന് കിട്ടിയ ഒരു രഹസ്യ വിവരത്തോടെയാണ്.  ബോളിവുഡ് താരങ്ങളാകണമെന്ന മോഹവുമായി 'മായാനഗരി' മുംബൈയിൽ വന്നിറങ്ങുന്ന യുവതികളെ ഷോർട്ട് ഫിലിമിലും, വെബ് സീരീസിലുമൊക്കെ അഭിനയിപ്പിക്കാൻ എന്നും പറഞ്ഞു കോണ്ട്രാക്റ്റ് ഒപ്പിട്ട്, നഗരത്തിലെ ഉപ് നഗർ എന്ന സ്ഥലത്തെ ചില ബംഗ്ലാവുകൾ ബുക്ക് ചെയ്ത് അവിടേക്ക് വിളിച്ചു വരുത്തി, അവരെക്കൊണ്ട് അശ്‌ളീല ചിത്രങ്ങളിൽ അഭിനയിപ്പിക്കുന്നു എന്ന വിവരം പൊലീസിന് ഇൻഫോർമർമാർ വഴി കിട്ടിയിട്ട് ആഴ്ചകൾ കഴിഞ്ഞിരുന്നു. കുറഞ്ഞ സമയത്തെ അധ്വാനം കൊണ്ട് വലിയൊരു തുക തന്നെ സമ്പാദിക്കാനാവും എന്നത് പല യുവതികളെയും അതിനു പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. ഇതിന്  ഒരറുതി വരുത്തണമെങ്കിൽ തെളിവുസഹിതം പിടികൂടിയാലേ പറ്റൂ. അടുത്ത ഒരു ഷൂട്ടിങ് നടക്കുന്ന ദിവസത്തിനായി വലയും വിരിച്ചുകൊണ്ട് പോലീസ് കാത്തിരുന്നു. ഒടുവിൽ ഫെബ്രുവരി 3 -ന് അവർ കാത്തിരുന്ന ടിപ്പ് വന്നെത്തി. നാലാം തീയതി ഷൂട്ടിങ് നടത്താൻ വേണ്ടി രേവാ ഖാൻ എന്നൊരു സ്ത്രീയും അവരുടെ ഭർത്താവും കൂടി മലാഡിലെ മഡ് ഏരിയയിൽ ഒരു ബംഗ്ലാവ് ബുക്ക് ചെയ്തിരിക്കുന്നു. അന്നേദിവസം ഷൂട്ടിങ്ങിനിടെ ഈ ബംഗ്ലാവിൽ റെയ്ഡ് നടത്തിയ പോലീസ് സംഘം യാസ്മിൻ ഖാൻ എന്ന് കൂടി പേരുള്ള രേവാ ഖാൻ, പ്രതിഭാ നലാവഡേ, മോനു ജോഷി, ഭാനു സൂര്യ ഠാക്കൂർ, മുഹമ്മദ് ആത്തിഫ് നാസിർ എന്നിവരെ കയ്യോടെ പിടികൂടുന്നു.

ഈ അഞ്ചു പേരെയും ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെയും, ടെക്നിക്കൽ എവിഡൻസ് പരിശോധിച്ച് സൈബർ വിങ്ങ് നൽകിയ സൂചനകളുടെയും ബലത്തിലാണ് പുതിയൊരു പേര് അവരുടെ മുന്നിലേക്ക് എത്തുന്നത്. അതായിരുന്നു ഗഹന വസിഷ്‌ഠ്. ഫെബ്രുവരി ആറാം തീയതി ഗഹനയും പോലീസ്  പിടിയിലാവുന്നു. ഗഹന വസിഷ്‌ഠ് തന്റെ കോൺടാക്റ്റ് ആയ ഉമേഷ് കാമത്തിന്റെ പേര് പറയുന്നു. എട്ടാം തീയതിയോടെ കാമത്തും പിടിയിലകപ്പെടുന്നു.
കാമത്തിന്റെ ചോദ്യം ചെയ്യൽ നയിക്കുന്നത് തൻവീർ ഹാഷ്മിയുടെ അറസ്റ്റിലേക്കാണ്.

ഉമേഷ് കാമത്തിൽ നിന്ന് തന്നെയാണ് രാജ് കുന്ദ്രയിലേക്കുള്ള ലീഡും പൊലീസിന് കിട്ടുന്നത്. 2019 -ൽ സ്ഥാപിതമായ  Arms Prime Media Pvt Ltd എന്ന സ്ഥാപനത്തിലൂടെയും ഹോട്ട് ഷോട്ട്സ് എന്ന ആപ്പിലൂടെയും രാജ് കുന്ദ്ര പണമുണ്ടാക്കിയ വഴികളെപ്പറ്റി പൊലീസിന് വിവരം കിട്ടുന്നത്. ഈ ഹോട്ട് ഷോട്ട് ആപ്പ് പരിശോധിച്ച ക്രൈം ബ്രാഞ്ചിന് അതിൽ നിന്ന് ചില നീല ചിത്രങ്ങളുടെ ക്ലിപ്പുകൾ കിട്ടി.  ഈ ഹോട്ടഷോട്ട്സ് എന്ന ആപ്പ് അപ്പോഴേക്കും കുന്ദ്ര തന്റെ സഹോദരീ ഭർത്താവായ പ്രദീപ് ബക്ഷിയുടെ ഉടമസ്ഥതയിലുള്ള, ലണ്ടൻ ആസ്ഥാനമായുള്ള കെൻറിൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഏകദേശം 19 ലക്ഷം രൂപയ്ക്ക് വിറ്റു കഴിഞ്ഞിരുന്നു. 2019 ഡിസംബറിൽ തന്നെ രാജ് കുന്ദ്ര ആംസ് പ്രൈമിൽ നിന്ന് രാജി വെക്കുകയും ചെയ്തിരുന്നു. അതിനു ശേഷം സഞ്ജയ് ത്രിപാഠി എന്നൊരാളാണ് ഇത് നോക്കി നടത്തിയിരുന്നത്.  

പണം കൊടുക്കുന്ന വരിക്കാർക്ക് മാത്രമായിരുന്നു ഉപയോഗിക്കാൻ സാധിച്ചിരുന്ന ഹോട്ട് ഷോട്ട്സ് എന്ന ഈ മൊബൈൽ ആപ്പിലൂടെ മുംബൈയിലും പരിസരത്തുമായി ഷൂട്ട് ചെയ്തിരുന്ന പോൺ ഫിലിമുകൾ  സ്ട്രീം ചെയ്തുകൊണ്ടാണ് കുന്ദ്രയും സംഘവും പണമുണ്ടാക്കിയിരുന്നത്. ഈ നീലച്ചിത്രങ്ങൾ ആദ്യം കെൻറിൻ ലിമിറ്റഡിന് കൈമാറുകയും അവിടെ നിന്ന് അവർ ഹോട്ടഷോട്ട് ആപ്പിൽ അപ്‌ലോഡ് ചെയ്യുകയുമാണ് ചെയ്തിരുന്നത്.  

 

 

നീലച്ചിത്ര നിർമാണത്തിന്റെ സകല ഉത്തരവാദിത്തവും ഏറ്റെടുത്ത് ചെയ്തിരുന്ന പ്രദീപ് ബക്ഷി, അതെല്ലാം തന്നെ ചെയ്തിരുന്നത് രാജ് കുന്ദ്രയുടെ നിർദേശങ്ങൾക്ക് അനുസൃതമായിരുന്നു എന്നും മുംബൈ പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുന്ദ്രയുടെ സംഘം വെബ് സീരിസിൽ അഭിനയിക്കാൻ എന്ന പേരിൽ എത്തിച്ച്, നീലച്ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്ന ഒരു യുവതിയെയും തങ്ങൾ മഡ് ഐലൻഡിലെ ബംഗ്ളാവിൽ നിന്ന് രക്ഷിച്ചതായും പൊലീസ് പറയുന്നുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ സെക്ഷൻ 420 (വഞ്ചന), സെക്ഷൻ 34, 292, 293 എന്നീ വകുപ്പുകളും, ഐടി ആക്ടിന്റെയും, ഇൻഡീസന്റ് റെപ്രെസന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്റ്റിന്റെയും ചില സുപ്രധാന വകുപ്പുകളും പ്രകാരം നീല ചിത്ര നിർമാണം ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ചിത്രങ്ങൾ നിർമിച്ചിരുന്ന ആംസ് പ്രൈമിലെ നിക്ഷേപങ്ങളിൽ വിറ്റഴിച്ചിരുന്നതിനാലും, നിലവിൽ ഹോട്ട് ഷോട്ടിൽ നീലച്ചിത്രങ്ങൾ അപ്പ്ലോഡ് ചെയ്തിരുന്ന കെൻറിൻ ലിമിറ്റഡിന്റെ ആസ്ഥാനം യുകെയിൽ ആയിരുന്നതിനാലും, പ്രത്യക്ഷത്തിൽ നോക്കിയാൽ രാജ് കുന്ദ്രയ്ക്ക് യാതൊരു വിധ ബന്ധവും ഇതുമായി ഉണ്ട് എന്ന് പറയാനാകുമായിരുന്നില്ല എന്നതുകൊണ്ട് താൻ സുരക്ഷിതനാണ് എന്നുതന്നെയാണ് അവസാന നിമിഷം വരെയും രാജ് കുന്ദ്ര ധരിച്ചിരുന്നത്. എന്നാൽ, HS Accounts, HS Take Down and HS Operations എന്നീ മൂന്ന് വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഹോട്ട്ഷോട്ട് ആപ്പിലെ കൊണ്ടെന്റ്, അഭിനയിക്കുന്ന നടികൾക്കുള്ള പ്രതിഫലം, വരുമാനത്തിന്റെ കണക്കുകൾ എന്നിവ നേരിട്ട് മോണിറ്റർ ചെയ്തതാണ് രാജ് കുണ്ടറയിലേക്ക് നീളുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിന് സമ്മാനിച്ചതും ഒടുവിൽ ജൂലൈ 19 ന് കുന്ദ്രയുടെ അറസ്റ്റിലേക്കും നയിച്ചത്. നിലവിൽ രണ്ടു സ്ഥാപനങ്ങളുടെയും പേരിലുള്ള മൂന്ന് അക്കൗണ്ടുകളിലായി, 1.13 കോടിയുടെ നിക്ഷേപങ്ങളും നീലച്ചിത്ര നിർമ്മാണത്തിലൂടെ കുന്ദ്ര സമ്പാദിച്ചത് എന്ന കാരണത്താൽ കോടതി മരവിപ്പിച്ചിട്ടുണ്ട്. 


 

പോർണോഗ്രഫിയെയും  ലൈംഗിക തൊഴിലിനേയും താരതമ്യപ്പെടുത്തിക്കൊണ്ട് 2012 -ൽ രാജ് കുന്ദ്ര ഇട്ട ഒരു ട്വീറ്റും, ഈ അറസ്റ്റിനു പിന്നാലെ വൈറലായിരുന്നു. "സിനിമാ താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നു, ക്രിക്കറ്റ് താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നു, രാഷ്ട്രീയക്കാർ പോൺ സിനിമകൾ കാണുന്നു, പോൺ താരങ്ങൾ ബോളിവുഡിൽ അഭിനേത്രികളാകുന്നു..!" എന്നുള്ള കുന്ദ്രയുടെ 2013 -ലെ തന്നെ മറ്റൊരു ട്വീറ്റും വീണ്ടും വൈറലാവുകയുണ്ടായി. 

 

 

എന്തായാലും, ഈ അറസ്റ്റോടെ അസ്തമിച്ചിരിക്കുന്നത്, ഇന്ത്യയുടെ 'പോൺ കിംഗ്' ആകാനുള്ള രാജ് കുന്ദ്രയുടെ അണിയറയ്ക്കു പിന്നിൽ ഒളിച്ചിരുന്നുകൊണ്ടുള്ള പരിശ്രമങ്ങളാണ്.  

click me!