ആശങ്കയോ പ്രതീക്ഷയോ? രാജസ്ഥാനിൽ ബിജെപി നിയമസഭാകക്ഷി യോ​ഗം മാറ്റിവച്ചു; സഭാ സമ്മേളനം വെള്ളിയാഴ്ച

By Web TeamFirst Published Aug 11, 2020, 11:26 AM IST
Highlights

വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കുന്നതിന് മുന്നോടിയായാണ് നിർണായക തീരുമാനങ്ങളെടുക്കാനുള്ള ബിജെപി നീക്കം. ബിജെപി റിസോർട്ടിലേക്ക് മാറ്റിയ എംഎൽഎമാർ ഇന്ന് ജയ്പൂരിൽ മടങ്ങിയെത്തും. 

ജയ്പൂർ: രാജസ്ഥാനിൽ ഇന്ന് ചേരാനിരുന്ന ബിജെപി നിയമസഭാ കക്ഷി യോഗം മാറ്റിവച്ചു. വ്യാഴാഴ്ചത്തേക്കാണ് മാറ്റിയത്. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കുന്നതിന് മുന്നോടിയായാണ് നിർണായക തീരുമാനങ്ങളെടുക്കാനുള്ള ബിജെപി നീക്കം. ബിജെപി റിസോർട്ടിലേക്ക് മാറ്റിയ എംഎൽഎമാർ ഇന്ന് ജയ്പൂരിൽ മടങ്ങിയെത്തും. സ‍ർക്കാരിനെ മറിച്ചിടാനാകുമെന്ന പ്രതീക്ഷയൊന്നും നിലവിൽ ബിജെപിക്ക് ഇല്ല.

കോൺഗ്രസിലെ പ്രതിസന്ധി അയഞ്ഞതോടെ സച്ചിൻ പൈലറ്റും കൂട്ടരും ഇന്ന് ജയ്പൂരിലെത്തും. താൻ ഉന്നയിച്ച പരാതികൾ പരിശോധിക്കാൻ പാർട്ടി മൂന്നംഗ സമിതിയെ നിയോഗിച്ചതിൽ സന്തോഷമുണ്ടെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ 102 പേരുടെ പിന്തുണ മുഖ്യമന്ത്രി അശോക് ഗലോട്ട് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അതേസമയം, കോൺഗ്രസിൽ ചേർന്ന 6 ബിഎസ്പി എംഎൽഎമാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോൺഗ്രസിൽ ലയിച്ചതിനാൽ അയോഗ്യരാക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെയാണ് BSP എംഎൽഎമാർ കോടതിയെ സമീപിച്ചത്. ബിജെപി നൽകിയ ഹർജിയും സുപ്രീം കോടതി പരിഗണിക്കും.

ഒരു മാസം നീണ്ടു രാഷ്ട്രീയ നാടകത്തിനൊടുവിലാണ് രാജസ്ഥാൻ കോൺ​ഗ്രസിൽ സമവായത്തിന് കളമൊരുങ്ങിയത്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സച്ചിൻ പൈലറ്റ് കോൺഗ്രസിൽ തിരിച്ചെത്തിയത്.  ജൂലൈ പത്തിന് സച്ചിൻ പൈലറ്റ് 19 എംഎൽഎമാരുമായി ഹരിയാനയിലേക്ക് തിരിച്ചത് മുതൽ കലങ്ങി മറിയുന്ന സംസ്ഥാന രാഷ്ട്രീയത്തിൽ ഒടുവിൽ അപ്രതീക്ഷിതമല്ലാത്ത തീർപ്പാണ് ഉണ്ടായത്. .രാഹുൽഗാന്ധിയെ കണ്ട സച്ചിൻ പൈലറ്റ് തന്‍റെ പരാതികൾ തുറന്ന് പറഞ്ഞു. അശോക് ഗലോട്ടിന്‍റെ ശൈലി മാറ്റിയേ മതിയാകൂ. തന്‍റെ ഒപ്പമുള്ളവർക്ക് അർഹമായ സ്ഥാനങ്ങൾ നല്‍കണം. തനിക്കെതിരെ പൊലീസിനെ ഉപയോഗിച്ചത് പാർട്ടി ഗൗരവമായി ചർച്ച ചെയ്യണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. തുടർന്ന്, ജ്യോതിരാദിത്യ സിന്ധ്യക്കു ശേഷം സച്ചിൻ പൈലറ്റ് കൂടി പോകുന്ന സാഹചര്യം ഒഴിവാക്കുക എന്നതിലേക്ക് കോൺഗ്രസ് എത്തുകയായിരുന്നു. മാത്രമല്ല രാജസ്ഥാനിൽ സർക്കാർ വീണാൽ ചത്തീസ്ഗഢിനെയും അത് സ്വാധീനിക്കുമെന്ന് കോൺഗ്രസ് വിലയിരുത്തി. രാജസ്ഥാനിലെ പ്രശ്‍നങ്ങള്‍ പാർട്ടിയെ സംഘടനാപരമായി തളർത്തുന്നു എന്ന വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഒത്തുതീർപ്പിലേക്ക് നീങ്ങിയത്. 

click me!