
ജയ്പൂര്‍: സഹോദരിയുടെ മകള്‍ക്ക് വിവാഹത്തിന് മൂന്ന് കോടി വില മതിക്കുന്ന സമ്മാനങ്ങളുമായി അമ്മാവന്മാര്‍. രാജസ്ഥാനിലെ നാഗേറിലാണ് അമ്മാവന്മാര്‍ അമ്പരപ്പിക്കുന്ന രീതിയിലുള്ള സമ്മാനങ്ങളുമായി എത്തിയത്. 80 ലക്ഷം രൂപ നോട്ട് കെട്ടുകളായും സ്വര്‍ണവും സ്ഥലത്തിന്‍റെ പ്രമാണങ്ങളും, ട്രാക്ടറുമായാണ് വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിലേക്ക് അമ്മാവന്‍മാരെത്തിയത്. ബുധനാഴ്ചയായിരുന്നു വിവാഹം നടന്നത്.
അനുഷ്ക എന്ന യുവതി ഭന്‍വര്‍ലാലുമായാണ് വിവാഹിതരായത്. അനുഷ്കയുടെ അമ്മ ഗെവാരി ദേവിയുടെ സഹോദരന്മാരാണ് ചടങ്ങിലുണ്ടായിരുന്ന എല്ലാവരേയും ഞെട്ടിക്കുന്ന രീതിയില്‍ സമ്മാനങ്ങളുമായി എത്തിയത്. അനുഷ്കയും അമ്മയുടെ പിതാവ് ഭന്‍വര്‍ലാല്‍ ഗര്‍വയും മൂന്ന് ആണ്‍മക്കളും ചേര്‍ന്നാണ് സമ്മാനം നല്‍കിയത്. വിവാഹിതരാവുന്ന പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും സമ്മാനങ്ങള്‍ നല്‍കുന്ന ചടങ്ങിലായിരുന്നു ഇത്. സമ്മാനദാനത്തിന്‍റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ജയ്പൂരിലെ ബര്‍ധി ഗ്രാമവാസികളാണ് അനുഷ്കയുടെ അമ്മയുടെ സഹോദരന്മാര്‍. കുടുംബത്തിലെ ഏക പെണ്‍തരിയുടെ മകളെ ഇങ്ങനെ അല്ലാതെ എങ്ങനെ വിവാഹം ചെയ്തു നല്‍കേണ്ടതെന്നാണ് അനുഷ്കയുടെ അമ്മയുടെ പിതാവ് ചോദിക്കുന്നത്. ഹരീന്ദ്ര, രാമേശ്വര്‍, രാജേന്ദ്ര എന്നീ അമ്മാവന്മാരും ഇതേ പ്രതികരണമാണ് സമ്മാനങ്ങലേക്കുറിച്ച് നടത്തുന്നത്. നാഗേറിലെ റിംഗ് റോഡില്‍ മുപ്പത് ലക്ഷം രൂപ വില മതിക്കുന്ന സ്ഥലവും 41 പവന്‍ സ്വര്‍ണവും 3 കിലോ വെള്ളിയും കൃഷി ഭൂമിയും ധാന്യങ്ങള്‍ നിറച്ച പുത്തന്‍ ട്രാക്ടറമെല്ലാം അടങ്ങുന്നതാണ് സമ്മാനം.
മായേര എന്ന ചടങ്ങില്‍ നാഗേറില്‍ സമാനമായ സമ്മാന ദാനങ്ങള്‍ ഇതിന് മുന്‍പും നടന്നിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നിലവിലെ മായേര ചടങ്ങുകളിലെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് നിലവിലെ സമ്മാനദാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചടങ്ങിലേക്ക് നോട്ടുകെട്ടുകളും സ്ഥലത്തിന്‍റെ പ്രമാണം അടക്കമുള്ളവ തലച്ചുമടായാണ് അമ്മാവന്‍മാര്‍ എത്തിച്ചത്. എന്നാല്‍ സ്ത്രീധനത്തിനാണ് വീട്ടുകാര്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് ചടങ്ങിന്‍റെ വീഡിയോകള്‍ക്ക് ലഭിക്കുന്ന പ്രധാന പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam