Latest Videos

രാജസ്ഥാനിലെ ശിശുമരണം 107 ആയി: കേന്ദ്രം നിയോഗിച്ച വിദഗ്‌ധ സമിതി ആശുപത്രി സന്ദർശിക്കുന്നു

By Web TeamFirst Published Jan 4, 2020, 10:51 AM IST
Highlights
  • നേരത്തെ കേന്ദ്രസർക്കാ‍‍ർ നിയോഗിച്ച എംയിസിലെ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘം ആശുപത്രിയിലെത്തിയിരുന്നു
  • അണുബാധയും തണുപ്പുമാണ് ശിശുമരണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ

ദില്ലി: രാജസ്ഥാനിലെ കോട്ട ആശുപത്രിയിലുണ്ടായ ശിശുമരണങ്ങളെ കുറിച്ച് പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി ജെകെ ലോൺ ആശുപത്രിയിലെത്തി. ഇന്ന് രണ്ട് കുട്ടികൾ കൂടി മരിച്ചതോടെ ആകെ മരണം 107 ആയി. ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇതേക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിച്ചത്. 

നേരത്തെ കേന്ദ്രസർക്കാ‍‍ർ നിയോഗിച്ച എംയിസിലെ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘം ആശുപത്രിയിലെത്തിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തിയ സംഘം കേന്ദ്രസ‍ർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അണുബാധയും തണുപ്പുമാണ് ശിശുമരണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കോട്ടയിലെ ജെ കെ ലോൺ സ‍ർക്കാർ ആശുപത്രിയിലെ ശിശുമരണം കോൺഗ്രസിനെതിരെ ദേശീയതലത്തിലും പ്രചാരണമാക്കുകയാണ് ബിജെപി. "നോക്കൂ കോട്ടയിൽ കുഞ്ഞങ്ങൾ മരിച്ച് വീഴുകയാണ്, അതിനെപ്പറ്റി നിങ്ങൾ ചിന്തിക്കൂ, ഈ അമ്മമാരുടെ കണ്ണീരിന് നിങ്ങൾ മറുപടി പറയേണ്ടി വരും" എന്നാണ് അമിത് ഷാ പറഞ്ഞത്. കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അശോക് ഗെലോട്ട് സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ബിജെപി സർക്കാരിന്റെ കാലത്തെക്കാൾ ശിശുമരണനിരക്ക് കുറഞ്ഞെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് തിരിച്ചടിച്ചതോടെ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ പരസ്യമായി.

"എല്ലായിടത്തും നടക്കുന്നതാണ് ഇവിടെ നടന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെക്കാൾ കുറവാണിത്. വേണ്ട സൗകര്യങ്ങൾ ഏ‌ർപ്പെടുത്തിയിട്ടുണ്ട്," എന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചത്. ആശുപത്രിയിൽ സന്ദ‍ർശനത്തിനെത്തിയ സംസ്ഥാന ആരോഗ്യമന്ത്രിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. മന്ത്രിയെ സ്വീകരിക്കാൻ ആശുപത്രി വരാന്തയിൽ വിരിച്ച പരവതാനി വിവാദമായതോടെ അധികൃതർ എടുത്തു മാറ്റി. 
 

click me!