മുഖംമൂടി ധരിച്ചെത്തിയവര്‍ പരീക്ഷ രജിസ്ട്രേഷൻ നടപടികൾ തടസപ്പെടുത്തി; വിദ്യാർത്ഥികൾക്കെതിരെ ആരോപണവുമായി ജെഎൻയു

By Web TeamFirst Published Jan 3, 2020, 11:36 PM IST
Highlights

സർവകലാശാല സർവർ റൂമുകളിൽ കയറി ഓൺലൈൻ രജിസ്ട്രേഷൻ സെർവറുകൾ കേടാക്കിയെന്നാണ് സർവകലാശാല അധികൃതരുടെ ആരോപണം.  

ദില്ലി: ജെഎന്‍യുവിലെ വിദ്യാർത്ഥികൾക്കെതിരെ ആരോപണവുമായി സർവകലാശാല അധികൃതര്‍. മുഖം മൂടി ധരിച്ചെത്തിയ വിദ്യാർത്ഥികൾ, പരീക്ഷ രജിസ്ട്രേഷൻ നടപടികൾ തടസപ്പെടുത്തിയെന്ന് സർവകലാശാല ആരോപിക്കുന്നു. സർവകലാശാല സർവർ റൂമുകളിൽ കയറി വിദ്യാര്‍ത്ഥികള്‍, ഓൺലൈൻ രജിസ്ട്രേഷൻ സെർവറുകൾ കേടാക്കിയെന്നും ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നും സർവകലാശാല അധികൃതരുടെ പറയുന്നു. കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർവകലാശാല അറിയിച്ചു.

ഹോസ്റ്റൽ ഫീസ് വർധനവിനെതിരെയുള്ള ജെഎൻയു വിദ്യാർത്ഥികളുടെ പ്രതിഷേധ സമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍വകലാശാല അധിതൃതര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഫീസ് വര്‍ധനവ് പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. ശൈത്യക്കാല സെമസ്റ്ററുകൾക്കുള്ള വിദ്യാർത്ഥി രജിസ്ട്രേഷൻ ബഹിഷ്ക്കരിക്കാനാണ് വിദ്യാർത്ഥി യൂണിയൻ തീരുമാനം. ജെഎൻയു കണ്ട ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് സാക്ഷിയാകുന്നത്.

ഒക്ടോബർ മൂന്നിന് പുതിയ ഐഎച്ച്എ മാനുവൽ ഡ്രാഫ്റ്റ് സർവകലാശാല പുറത്തുവിട്ടത് മുതൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. ചർച്ച കൂടാതെ മാനുവൽ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങി. ഇതോടെ മൺസൂൺ സെമസ്റ്റ‌ർ പരീക്ഷകൾ നടത്താനായില്ല. പരീക്ഷകൾ നടത്താൻ കഴിയാതെ വന്നതോടെ ശൈത്യകാല സെമസ്റ്ററുകള്‍ക്കുള്ള രജിസ്ട്രേഷൻ നടത്താനാണ് സർവകലാശാലയുടെ തീരുമാനം. എന്നാൽ, ഇത് ബഹിഷ്ക്കരിക്കാനാണ് യൂണിയൻ തീരുമാനം. ഫീസ് വർധനവ് പൂർണ്ണമായി പിൻവലിക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. 

നേരത്തേ പുതുക്കിയ ഐഎച്ച്എ മാനുവൽ പ്രകാരം യൂട്ടിലിറ്റി ഫീസ് ഒഴിവാക്കി ജെഎൻയു അധികൃതർ സർക്കുലർ പുറത്തിറക്കിയിരുന്നു. പുതുക്കിയ സർക്കുലർ പ്രകാരം സിംഗിൽ മുറിക്ക് മാസം തോറും 600 രൂപയും ഡബിൾ മുറിക്ക് 300 രൂപയുമാണ്. മറ്റ് നിരക്കുകൾക്ക് പുറമെയാണിത്. സാമ്പത്തിക പ്രതിസന്ധി കാരണം നിരക്ക് കൂട്ടാതെ പറ്റില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം.

click me!