വിജ്ഞാപനത്തിന് ഒരു ദിനം ശേഷിക്കെ ഗെലോട്ടിന്‍റെ നി‍ർണായക നീക്കം, ദില്ലിയിൽ സോണിയ, കേരളത്തിൽ രാഹുലിനെയും കാണും

By Web TeamFirst Published Sep 21, 2022, 12:05 AM IST
Highlights

കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതറിയിക്കാനാണോ, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ പകരം ആരെന്ന തീരുമാനമെടുക്കാനാണോ സോണിയയെയും രാഹുലിനെയും കാണുന്നതെന്ന ചോദ്യങ്ങളടക്കം പല അഭ്യൂഹങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്

ദില്ലി : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറങ്ങാൻ ഒരു ദിനം മാത്രം ശേഷിക്കെ നിർണായക നീക്കങ്ങളാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തുന്നത്. നാളെ വിജ്ഞാപനം ഇറങ്ങാനിരിക്കെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഗെലോട്ട് ഇന്ന് ദില്ലിയിലെത്തി സോണിയ ഗാന്ധിയെയും കേരളത്തിലെത്തി രാഹുൽ ഗാന്ധിയെയും കാണും. അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ടിന് തന്നെ ഹൈക്കാന്‍ഡ് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പശ്ചാത്തലത്തിലാണ് നിര്‍ണ്ണായക നീക്കങ്ങളിലേക്ക് അദ്ദേഹം കടക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതറിയിക്കാനാണോ, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ പകരം ആരെന്ന തീരുമാനമെടുക്കാനാണോ സോണിയയെയും രാഹുലിനെയും കാണുന്നതെന്ന ചോദ്യങ്ങളടക്കം പല അഭ്യൂഹങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.

ചടുലനീക്കങ്ങളുമായി ഗെലോട്ട്; അധ്യക്ഷ പദം ഏറ്റെടുക്കുമോ? രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇനിയാര് ?

രാവിലെ ദില്ലിയിലെത്തി സോണിയ ഗാന്ധിയെ കാണുന്ന ഗലോട്ട് വൈകീട്ടോടെ കേരളത്തിലെത്തും. കേരളത്തില്‍ വച്ച് രാഹുല്‍ഗാന്ധിയുമായും ചര്‍ച്ച നടത്തും. ശേഷമാകും നി‍ർണായക തീരുമാനത്തിലേക്ക് കടക്കുക. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് കൂടുതല്‍ ഉപാധികള്‍ മുന്‍പോട്ട് വച്ച് ഹൈക്കമാന്‍ഡിനെ അശോക് ഗലോട്ട് സമ്മര്‍ദ്ദത്തിലാക്കുകയാണെന്നാണ് വിലയിരുത്തലുകൾ. മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഒന്നിച്ച് കൊണ്ടുപോകാന്‍ അനുവദിക്കണം, അതല്ലെങ്കില്‍ താന്‍ നിര്‍ദ്ദേശിക്കുന്നയാള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന നിലപാടാണ് ഗെലോട്ടിന്‍റെതെന്നാണ് വ്യക്തമാകുന്നത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താന്‍ അനുവദിക്കില്ലെന്ന മുൻ നിലപാട് തന്നെയാണ് ഇപ്പോഴും അദ്ദേഹം ആവർത്തിക്കുന്നത്.

ദുബായിൽ തങ്ങിയതെന്തിന്? അടിയന്തരമായെന്ന് വദ്ര; ടിക്കറ്റ് പരിശോധിച്ചു, വാദം തള്ളി കോടതി, കുരുക്ക് മുറുകും?

ഇന്നലെ രാത്രി തന്നെ അശോക് ഗെലോട്ട് എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് നിബന്ധകള്‍ വച്ചതിന് പിന്നാലെയാണ് അശോക് ഗെലോട്ട് എംഎല്‍എമാരുടെ യോഗം വിളിച്ചതെന്നാണ് വ്യക്തമായത്. യോഗത്തിൽ എന്ത് തീരുമാനം കൈകൊണ്ടു എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ രാത്രി വൈകി എംഎല്‍എമാരുടെ യോഗം വിളിച്ചത് അസാധാരണമാണെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ടിവന്നാൽ സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം കൈമാറാതിരിക്കാനാകും യോഗം വിളിച്ചതെന്നും വിലയിരുത്തലുകളുണ്ട്.

click me!