
ദില്ലി: രാജസ്ഥാന്‍ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് ഇന്ന് നിലപാട് വ്യക്തമാക്കും. മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും, സച്ചിന്‍ പൈലറ്റിനെയും താക്കീത് ചെയ്ത് എഐസിസി പ്രസ്താവനയിറക്കിയേക്കും. സച്ചിനെതിരെ മാത്രം നടപടി സ്വീകരിക്കുന്നതിനെ ഒരു വിഭാഗം എതിര്‍ത്തു.
കര്‍ണാടക വോട്ടെടുപ്പിന് മുന്‍പ് സച്ചിന്‍ നടത്തിയ വിവാദ വാര്‍ത്താ സമ്മേളനം കോണ്‍ഗ്രസിന് ക്ഷീണമായിരുന്നു. നടപടിയുണ്ടാകുമോയെന്ന ചോദ്യത്തോട് ഒരു ദിവസം കാത്തിരിക്കൂ എന്നാണ് പാര്‍ട്ടി വക്താവ് മനു അഭിഷേക് സിംഗ് വി ഇന്നലെ പ്രതികരിച്ചത്. വസുന്ധര രാജെ സിന്ധ്യയെ ആയുധമാക്കി സച്ചിനെതിരെ ആരോപണം ഉന്നയിച്ച് വിവാദത്തിന് തുടക്കമിട്ടത് ഗലോട്ടാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് സച്ചിനെതിരെ മാത്രം നടപടി പാടില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് ഈ വര്‍ഷാവസാനം നടക്കാനിരിക്കേ കടുത്ത നടപടികളിലേക്ക് പോകാനിടയില്ല. പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന നടപടികള്‍ പാടില്ലെന്ന് നേരത്തെ തന്നെ ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കിയതാണ്. അതുകൊണ്ട് താക്കീത് ആവര്‍ത്തിക്കാനാണ് സാധ്യത. അഴിമതിക്കെതിരെ നേരത്തെ ഏകദിന ഉപവാസം നടത്താന്‍ നിശ്ചയിച്ചിരുന്ന സച്ചിനെ പാര്‍ട്ടി വിരുദ്ധ നടപടിയെന്ന മുന്നറിയിപ്പ് നല്‍കി ഹൈക്കമാന്‍ഡ് പിന്തിരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അഴിമതിയോടുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ വെള്ളിയാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പദയാത്രയില്‍ നിന്ന് സച്ചിനെ വിലക്കിയേക്കും.
വസുന്ധര രാജെ പരാമര്‍ശത്തില്‍ ഗലോട്ടിനെതിരെ നടപടി വേണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് മൗനം പാലിക്കുന്നതിലുളള പ്രതിഷേധവും പദയാത്ര നിശ്ചയിക്കുന്നതിന് കാരണമായി. മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഗലോട്ടിനാണെങ്കിലും, സച്ചിനെ കൂടി പരിഗണിച്ചേ മുന്‍പോട്ട് പോകാനാകൂയെന്നാണ് രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam