ജയ്‍പൂർ: കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപനം. പാർട്ടി സംസ്ഥാനാധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും സച്ചിൻ പൈലറ്റിനെ പുറത്താക്കിയിട്ടുണ്ട്. ബിജെപിയാണ് രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയ്ക്ക് പിന്നിലെന്ന് ആരോപിച്ച കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ബിജെപിയുമായി സച്ചിൻ പൈലറ്റ് ഒത്തുകളിച്ചെന്നും ആരോപിച്ചു.
സച്ചിൻ പൈലറ്റിനൊപ്പം പോയ രണ്ട് മന്ത്രിമാരായ വിശ്വേന്ദർ സിംഗ്, രമേഷ് മീണ എന്നീ മന്ത്രിമാരെയും പുറത്താക്കിയിട്ടുണ്ട്. ഇതോടൊപ്പം പാർട്ടിയുടെ പുതിയ അധ്യക്ഷൻമാരെയും രൺദീപ് സിംഗ് സുർജേവാല പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വിശ്വാസവോട്ടെടുപ്പിനൊരുങ്ങുകയാണ് ബിജെപി. ഗോവിന്ദ് സിംഗ് ദതാസ്ത്രെയാണ് രാജസ്ഥാനിലെ പുതിയ പാർട്ടി അധ്യക്ഷൻ.
രാജസ്ഥാൻ സർക്കാർ താഴെ വീഴുമോ?
നിലവിൽ 102 പേരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് അവകാശപ്പെടുന്നത്. ജയ്‍പൂരിലെ നിയമസഭാകക്ഷിയോഗത്തിന് ശേഷം അശോക് ഗെലോട്ട് നിലവിൽ ഗവർണറെ കാണാൻ പുറപ്പെട്ടിരിക്കുകയാണ്.
200 അംഗ രാജസ്ഥാൻ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ട എണ്ണം 101 ആണ്. 102 എംഎൽഎമാർ അശോക് ഗെലോട്ടിന്‍റെ ഒപ്പമുണ്ടെന്നാണ് ഗെലോട്ട് ക്യാമ്പ് അവകാശപ്പെടുന്നത്. എന്നാൽ ഭാരതീയ ട്രൈബൽ പാർട്ടിയെന്ന ചെറുപാർട്ടിയുടെ രണ്ട് എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഈ എംഎൽഎമാർ സമൂഹമാധ്യമങ്ങളിലിട്ട വീഡിയോയിൽ പറയുന്നത് രണ്ട് ദിവസമായി പലർ തങ്ങളെ തടവിലാക്കിയിരിക്കുകയാണെന്നാണ്. അങ്ങനെയാണെങ്കിൽ ഈ രണ്ട് എംഎൽഎമാരുടെ പിന്തുണ കോൺഗ്രസ് സർക്കാരിന് നഷ്ടപ്പെടും. സർക്കാർ ന്യൂനപക്ഷമാകും. കൃത്യം ഭൂരിപക്ഷത്തിലാകും സർക്കാരിന്‍റെ നിൽപ്പ്. അധികാരം നിലനിർത്താനുള്ള കേവലഭൂരിപക്ഷം ഉണ്ടാകില്ല.
കോൺഗ്രസിന് ഉണ്ടായിരുന്നത് സഖ്യകക്ഷികളടക്കം 122 പേരുടെ പിന്തുണയാണ്. ഇതിൽ 107 കോൺഗ്രസ് എംഎൽഎമാരുണ്ട്. മറ്റുള്ളവരെല്ലാം സഖ്യകക്ഷികളാണ്. 13 സ്വതന്ത്രരുടെയും അഞ്ച് ചെറുപാർട്ടി എംഎൽഎമാരുടെയും പിന്തുണയിലാണ് കോൺഗ്രസ് സർക്കാർ രാജസ്ഥാനിൽ നിലനിൽക്കുന്നത്.
സച്ചിൻ പൈലറ്റിനൊപ്പം 17 പേരെങ്കിലും പോയി എന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ കോൺഗ്രസ് പക്ഷത്ത് 90 കോൺഗ്രസ് എംഎൽഎമാരും ഏഴ് സ്വതന്ത്രരും ചെറുപാർട്ടികളിൽ നിന്നുളള അഞ്ച് എംഎൽഎമാരും ഉണ്ട്. ഇതിൽ ഭാരതീയ ട്രൈബൽ പാർട്ടിയിലെ രണ്ട് എംഎൽഎമാരും ഉണ്ട്. അങ്ങനെ അശോക് ഗെലോട്ടിന്‍റെ ഒപ്പം 102 എംഎൽഎമാരാണ് ഇപ്പോഴുള്ളതെന്നാണ് ഗെലോട്ട് ക്യാമ്പിന്‍റെ അവകാശവാദം.
സച്ചിൻ പൈലറ്റുമായി ഒരു സമവായത്തിന് വേണ്ടിയാണ് രണ്ടാമതും കോൺഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ച് ചേർത്തത്. അർദ്ധരാത്രിയും കോൺഗ്രസ് ഉന്നതനേതൃത്വം സച്ചിൻ പൈലറ്റുമായി സംസാരിക്കുകയായിരുന്നു. പ്രശ്നങ്ങൾ പാർട്ടിയ്ക്കുള്ളിൽ പറഞ്ഞുതീർക്കാൻ വേണ്ടിയായിരുന്നു ഈ ചർച്ചകളെല്ലാം. ബിജെപിയുമായും സച്ചിൻ പൈലറ്റ് സജീവമായി സംസാരിക്കുന്നുവെന്ന റിപ്പോർട്ടുകളും ചില ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
നിലവിൽ കോൺഗ്രസിൽ നിന്ന് തിരിച്ചടിയേറ്റ സച്ചിൻ പൈലറ്റിനി പാർട്ടിയിൽ തുടരില്ലെന്ന് ഉറപ്പാണ്. അതോടെ, ബിജെപി വിശ്വാസ വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും തുടങ്ങും. സർക്കാരിനെ താഴെ വീഴ്ത്താൻ കച്ച കെട്ടിയിറങ്ങുകയും ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam