
ജയ്പൂർ: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷം. കോൺഗ്രസ് രണ്ട് ചേരിയിലായി. അശോക് ഗെഹ്ലോട്ടുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സച്ചിൻ പൈലറ്റ് തുറന്ന പോരിലേക്ക് നീങ്ങുകയാണ്. ഇന്ന് ഗവർണറെ കാണുമെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.
രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിന് ഭൂരിപക്ഷം നഷ്മായെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. തനിക്കൊപ്പം 30 എംഎൽഎമാർ ഉണ്ടെന്നും ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സച്ചിൻ പൈലറ്റ് ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടു. പൈലറ്റിനെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്ത് വന്നു. പൈലറ്റിനെ അവഗണിക്കുന്ന കോൺഗ്രസ് നിലപാട് ദുഖകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ന് 10.30ന് അടിയന്തര നിയമസഭാ കക്ഷി യോഗം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിളിച്ചിട്ടുണ്ട്.
രാജസ്ഥാനിൽ സ്ഥിതി സങ്കീർണമാണെന്നും ദേശീയ നേതൃത്വം ഉടൻ വിഷയത്തിൽ ഇടപെടണമെന്നും മുതിർന്ന നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ചയ്ക്കായി സച്ചിൻ പൈലറ്റ് നിലവിൽ ദില്ലിയിലുണ്ട്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ സംഘം ദില്ലി അതിർത്തിയിലെ ഗുഡ്ഗാവിൽ തങ്ങുന്നതായും സൂചനയുണ്ട്.
സർക്കാരിന് ഭീഷണിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. എംഎൽഎമാർക്ക് വൻ തുക നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ഇതിനെ മറികടക്കാൻ പാർട്ടിക്കാവുമെന്ന് കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam