
രാജസ്ഥാൻ: ധീര സൈനികൻ അഭിനന്ദ് വർദ്ധമാൻ ഇന്ത്യൻ മണ്ണിലെത്തുന്ന കാഴ്ചയ്ക്കായി ഒരു രാജ്യം മുഴുവൻ അക്ഷമയോടെ കാത്തിരിക്കുമ്പോഴായിരുന്നു രാജസ്ഥാനിലെ അൽവാർ ജില്ലയിലെ സപ്നാ ദേവിയെ ലേബർ റൂമിൽ പ്രവേശിപ്പിക്കുന്നത്.
ലേബർ റൂമിൽ തന്‍റെ കുഞ്ഞിനായി സപ്നാ ദേവി കാത്തിരുന്നപ്പോൾ പുറത്ത് സപ്നാ ദേവിയുടെ കുടുംബം ഒന്നടങ്കം ധീര സൈനികന്‍റെ തിരിച്ചുവരവിനായും അക്ഷമയോടെ കാത്തിരുന്നു.
കാത്തിരിപ്പിനൊടുവിൽ പിറന്നത് ആൺകുഞ്ഞാണെന്നറിഞ്ഞതോടെ സപ്നാ ദേവിയും കുടുംബവും രണ്ടാമതൊന്ന് ആലോചിച്ചില്ല. രാജ്യത്തിന് മുഴുവൻ അഭിമാനമായി മാറിയ ധീര സൈനികന്‍റെ പേര് തന്നെ സ്വന്തം മകന് നൽകി. 'അഭിനന്ദന്‍'.
അഭിനന്ദൻ വർദ്ധമാൻ എന്ന ധീരനായ സൈനികനെയും അദ്ദേഹത്തിന്‍റെ ധീരതയേയും എന്നെന്നും ഓർമ്മിക്കാനാണ് തന്‍റെ മകന് അഭിനന്ദൻ എന്ന് പേരിട്ടതെന്ന് കുഞ്ഞിന്‍റെ അമ്മ സപ്നാ ദേവി പറഞ്ഞു. അഭിനന്ദ് വർദ്ധമാനെപ്പോലെ തന്‍റെ മകനും ഭാവിയിൽ ഒരു ധീരനായ സൈനികനാകണമെന്നാണ് ആഗ്രഹമെന്നും സപ്നാ ദേവി പറഞ്ഞു.
'അഭിനന്ദന്‍റെ ധീരതയിൽ ഞങ്ങൾ അഭിമാനിക്കുന്നു. അദ്ധേഹത്തോടുള്ള ആദരസൂചകമായാണ് ചെറുമകന് അഭിനന്ദൻ എന്ന പേര് നൽകിയത്'- കുഞ്ഞിന്‍റെ മുത്തച്ഛൻ ജനേഷ് ഭൂട്ടാണി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഏറെ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ എയർഫോഴ്സ് വിംഗ് കമാൻഡർ അഭിനന്ദ് വർദ്ധമാനെ വാഗ അതിർത്തിയിൽ വച്ച് പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്.
മൂന്ന് ദിവസത്തിന് ശേഷം ഇന്ത്യയിലെത്തുന്ന അഭിനന്ദനെ കാണാൻ ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഗ അതിര്‍ത്തിയിൽ എത്തിയത്.
ഫെബ്രുവരി 27 നാണ് അഭിനന്ദൻ പാക് കസ്റ്റഡിയിലാകുന്നത്. അതിർത്തി കടന്നെത്തിയ പാക്പോർ വിമാനങ്ങളെ വിജയകരമായി തുരത്തിയോടിച്ച അഭിനന്ദനന്‍റെ മിഗ് 21 വിമാനം ഒടുവിൽ തകർന്ന് വീഴുകയായിരുന്നു. വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി പാക് അതിർത്തിയിലിറങ്ങിയ അഭിനന്ദനെ പാക് സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam