അതിർത്തി സംഘർഷം; പാക് സ്വദേശിനിയുമായുള്ള വിവാഹം മാറ്റിവച്ച് രാജസ്ഥാൻ സ്വദേശി

By Web TeamFirst Published Mar 5, 2019, 1:10 PM IST
Highlights

അതിർത്തി ​​ഗ്രാമമായ ബാർമറയിലെ ഖേജാദ് കാ പാർ‌ ജില്ല സ്വദേശിയാണ് മഹേന്ദ്രസിം​ഗ്. പാകിസ്ഥാനിലെ അമർകോട്ട് ജില്ലയിലെ സിനോയി ​ഗ്രാമത്തിലെ ച​ഗൻ കൻവാറുമായിട്ടാണ് മഹേന്ദ്രസിം​ഗിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. 
 

രാജസ്ഥാൻ: പാകിസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയുമായുള്ള വിവാഹം മാറ്റിവച്ച് രാജസ്ഥാൻ സ്വദേശിയായ യുവാവ്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ ഉടലെടുത്ത സംഘർഷത്തെ തുടർന്നാണ് രാജസ്ഥാൻ സ്വദേശിയായ മ​ഹേന്ദ്രസിം​ഗ് തന്റെ വിവാഹം മാറ്റിവച്ചിരിക്കുന്നത്. അതിർത്തി ​​ഗ്രാമമായ ബാർമറയിലെ ഖേജാദ് കാ പാർ‌ ജില്ല സ്വദേശിയാണ് മഹേന്ദ്രസിം​ഗ്. പാകിസ്ഥാനിലെ അമർകോട്ട് ജില്ലയിലെ സിനോയി ​ഗ്രാമത്തിലെ ച​ഗൻ കൻവാറുമായിട്ടാണ് മഹേന്ദ്രസിം​ഗിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. പാകിസ്ഥാനിലേക്കുള്ള താര്‍ എക്സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തലാക്കുകയായിരുന്നു. വിവാഹം മാറ്റിവയ്ക്കാന്‍ കാരണം ഇതാണെന്ന് മഹേന്ദ്രസിംഗ് വ്യക്തമാക്കി. 

പാകിസ്ഥാനിലെ ലാഹോറില്‍ നിന്ന് ഇന്ത്യയിലെ അത്താരിയിലേക്ക് തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലാണ് താര്‍ എക്സപ്രസ് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ ഇന്ത്യയുമായുളള സംഘര്‍ഷങ്ങളെ തുടര്‍ന്ന് പാക് അധികൃതര്‍ ട്രെയിന്‍ റദ്ദാക്കിയെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

''പാകിസ്ഥാനിലേക്കുള്ള വിസ ലഭിക്കുന്ന വിഷയത്തിലും ധാരാളം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. വിവാഹത്തിന് പാകിസ്ഥാനിലേക്ക് പോകാൻ അഞ്ച് പേർക്ക് മാത്രമാണ് വിസ അനുവദിച്ചത്.  വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ക്ഷണക്കത്തുകളും വിതരണം ചെയ്തു കഴിഞ്ഞു.'' മഹേന്ദ്രസിം​ഗ് എഎൻഐയോട് വ്യക്തമാക്കുന്നു. മാർച്ച് എട്ടിനായിരുന്നു ഇവരുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ബാലാകോട്ടിലെ പ്രത്യാക്രമണത്തിന് ശേഷം അതിർത്തിയിലെ സ്ഥിതി വഷളായിത്തന്നെ തുടരുകയാണ്. 

click me!