രാജസ്ഥാനിൽ നേരിട്ട് കളത്തിലിറങ്ങി ബിജെപി, കേന്ദ്രമന്ത്രിയുടെ ഫോൺ ചോര്‍ത്തിയതിൽ കേന്ദ്രം റിപ്പോ‍ര്‍ട്ട് തേടി

By Web TeamFirst Published Jul 19, 2020, 9:31 AM IST
Highlights

ഗെലോട്ട് സര്‍ക്കാരിനെ താഴെയിറക്കാൻ നടന്ന ഗൂഢാലോചനയെ കുറിച്ച് കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്ത് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയത്. 

ജയ്പൂര്‍: രാജസ്ഥാൻ കോൺഗ്രസ് സർക്കാർ, കേന്ദ്രമന്ത്രിയുടെയും വിമത എംഎൽഎമാരുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി. ഗെലോട്ട് സര്‍ക്കാരിനെ താഴെയിറക്കാൻ നടന്ന ഗൂഢാലോചനയെ കുറിച്ച് കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്ത് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയത്. വിമത എംഎൽഎമാരുടെയും കേന്ദ്ര മന്ത്രി ഗജേന്ദ്ര ശെഖാവത്തിൻറെയും ശബ്ദരേഖ ഇന്നലെയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. 

കോടതിയിലും പുറത്തുമായി തുടരുന്ന രാഷ്ട്രീയ പോരിൽ ഇതുവരെ പുറകിൽ നിന്ന് കളിച്ച ബിജെപി ചിത്രത്തിലേക്ക് വരികയാണ്. നിയമവിരുദ്ധമായാണ് കേന്ദ്ര മന്ത്രിയുടെ  ഫോണ്‍ ചോര്‍ത്തിയതെന്നാണ് ബിജെപി ആരോപണം. കേന്ദ്രമന്ത്രിയുടെ ഫോൺ ചോർത്തലിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. അശോക് ഗെലോട്ട് സര്‍ക്കാർ നേരിടുന്ന പ്രതിസന്ധി കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്‍റെ പരാജയമാണെന്നും ബിജെപി ആരോപിക്കുന്നു. 

അതേ സമയം സംസ്ഥാനത്ത് രാഷ്ടീയ പ്രതിസന്ധി തുടരുകയാണ്. രണ്ട് എംഎൽഎമാരുള്ള ഭാരതീയ ട്രൈബൽ പാർട്ടി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത് ഗെലോട്ട് സർക്കാരിന് ആശ്വാസമായി. മുഖ്യമന്ത്രി സ്ഥാനം നൽകുക മാത്രമാണ് ഒത്തുതീര്‍പ്പെന്ന നിലപാട് കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളെ സച്ചിൻ പൈലറ്റ് അറിയിച്ചതായുള്ള സൂചനകളും ലഭിക്കുന്നുണ്ട്. സച്ചിൻ പൈലറ്റിനും കൂടെയുള്ളവര്‍ക്കും എതിരെ ചൊവ്വാഴ്ച വൈകീട്ട് വരെ നടപടിയെടുക്കുന്നത് രാജസ്ഥാൻ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

നാല് ദിവസം കൂടി സച്ചിൻ ക്യാമ്പിന് ഇതിലൂടെ കിട്ടി. ചില കോണ്‍ഗ്രസ് നേതാക്കളുമായി ഇപ്പോഴും സച്ചിൻ സംസാരിക്കുന്നുണ്ടെന്നാണ് സൂചന. ഒത്തുതീര്‍പ്പ് എന്നത് ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കുക എന്നത് മാത്രമാണെന്ന് പ്രിയങ്കഗാന്ധി ഉൾപ്പടെയുള്ളവരെ സച്ചിൻ പൈലറ്റ് അറിയിച്ചതായി സൂചനയുണ്ട്. മുഖ്യമന്ത്രി സ്ഥാനം എന്ന ഉറപ്പ് ബിജെപിയും ഇതുവരെ സച്ചിൻ പൈലറ്റിന് നൽകിയില്ല. വസുന്ധര രാജെയും മൗനം തുടരുമ്പോൾ രാഷ്ട്രീയ നാടകങ്ങൾ നീണ്ടുപോകാനാണ് സാധ്യത.

click me!