
ജയ്‌സാൽമീർ: രാജസ്ഥാനിലെ ബാർമറിൽ 26 വയസ്സുള്ള ഇരട്ടകൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സമാനമായ അപകടത്തിൽ കൊല്ലപ്പെട്ടു. രാജസ്ഥാൻ സ്വദേശിളായ സുമേർ സിങ്, സോഹൻ സിങ് എന്നിവരാണ് മരിച്ചത്. ഒരാൾ ഗുജറാത്തിലെ സൂറത്തിൽ വീടിന്റെ ടെറസിൽ നിന്ന് വീണ് മരിച്ചപ്പോൾ മറ്റൊരാൾ 900 കിലോമീറ്റർ അകലെയുള്ള വീടിന് സമീപത്തെ വാട്ടർ ടാങ്കിലേക്ക് തെന്നി വീണ് മരിച്ചു. ഇരുവരുടെയും മൃതദേഹം സുമേറിന്റെയും സോഹൻ സിംഗിന്റെയും ജന്മനഗരമായ സാർണോകാ തലയിൽ വ്യാഴാഴ്ച ഒരേ ചിതയിൽ സംസ്‌കരിച്ചു.
സോഹൻ ജയ്പൂരിൽ ഗ്രേഡ് - രണ്ട് ടീച്ചർ റിക്രൂട്ട്‌മെന്റ് ടെസ്റ്റിന് തയ്യാറെടുക്കുന്നതിനായാണ് ജയ്പൂരിലെത്തിയത്. സുമർ ഗുജറാത്തിന്റെ ടെക്സ്റ്റൈൽ തലസ്ഥാനമായ സൂറത്തിൽ ജോലി ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി ടെറസിന് മുകളിൽ ഫോൺ ചെയ്ത് സംസാരിക്കവെയാണ് സുമേർ കാൽവഴുതി വീണത്. വ്യാഴാഴ്‌ച പുലർച്ചെ വീട്ടിലെത്തിയ സോഹൻ വാട്ടർ ടാങ്കിൽ വീണുമരിച്ചു. സോഹന്റെ മരണത്തിൽ ആത്മഹത്യാ സാധ്യത തള്ളിക്കളയുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ഇരട്ടകളിൽ മൂത്തയാളായ സോഹൻ തന്റെ ഗ്രാമത്തിലെ വീട്ടിൽ നിന്ന് 100 മീറ്റർ അകലെയുള്ള ടാങ്കിൽ നിന്ന് വെള്ളമെടുക്കാൻ പോയെങ്കിലും തിരിച്ചെത്തിയില്ല. തിരച്ചിലിൽ വീട്ടുകാരാണ് ടാങ്കിൽ നിന്ന് ഇയാളെ കണ്ടെത്തിയത്. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇരട്ടകളായ ഇവർ കുട്ടിക്കാലം മുതലേ വളരെ അടുപ്പത്തോടെയാണ് ജിവിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. സുമേർ ജോലിക്കായി സൂററ്റിലേക്ക് പോയപ്പോൾ പഠിക്കാനായി സോഹൻ ജയ്പൂരിലേക്ക് മാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam