കൊവിൻ ആപ്പിൽ നിന്ന് വിവരങ്ങൾ ചോർന്നിട്ടില്ല, പ്രചാരണം അടിസ്ഥാന രഹിതമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Published : Jun 12, 2023, 05:08 PM IST
കൊവിൻ ആപ്പിൽ നിന്ന് വിവരങ്ങൾ ചോർന്നിട്ടില്ല, പ്രചാരണം അടിസ്ഥാന രഹിതമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Synopsis

രാജ്യത്തെ പൗരന്മാർ വാക്സീനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകളുടെ വിശദവിവരങ്ങൾ, ജനന വര്‍ഷം, വാക്സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് പുറത്തായത്

ദില്ലി: കൊവിൻ ആപ്പ് വിവര ചോർച്ചയിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇപ്പോൾ പുറത്ത് വന്നത് മുൻ കാലങ്ങളിൽ ചോർന്ന വിവരങ്ങളാണെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കൊവിൻ ആപ്പിൽ നിന്ന് നേരിട്ട് വിവരങ്ങൾ ചോർന്നിട്ടില്ലെന്നും വിവരങ്ങൾ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ ചോർന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലെ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിനോടാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവര ചോർച്ച അതീവ ഗുരുതരമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്.

രാജ്യത്തെ പൗരന്മാർ വാക്സീനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകളുടെ വിശദവിവരങ്ങൾ, ജനന വര്‍ഷം, വാക്സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് പുറത്തായത്. ഹാക്ക് ഫോർ ലേൺ എന്ന ടെലഗ്രാം ബോട്ടിലൂടെയാണ് വിവരങ്ങൾ ചോര്‍ന്നത്. വ്യക്തികളുടെ ഫോൺ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ ഒറ്റയടിക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന നിലയിലാണ് രേഖകൾ ചോർന്നത്. രാജ്യത്തെവിടെയിരുന്നും വിവരങ്ങള്‍ ചോര്‍ത്താവുന്ന സ്ഥിതിയാണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങള്‍ ഈ രീതിയില്‍ ലഭ്യമായതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊവിന്‍ പോര്‍ട്ടലില്‍ ഫോണ്‍ നമ്പറും ഒടിപിയും നല്‍കിയാല്‍ മാത്രം ലഭ്യമാകുന്ന വിവരങ്ങള്‍ എങ്ങനെ ടെലഗ്രാമിലെത്തിയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ദേശസുരക്ഷയെ പോലും അപകടത്തിലാക്കുന്ന വിധത്തിലുള്ള വിവര ചോര്‍ച്ചയെ കുറിച്ച് കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല. കൊവിന്‍ ആപ്പിന്‍റെ മേല്‍നോട്ടം ആരോഗ്യമന്ത്രാലയത്തിനും, ഐടി മന്ത്രാലയത്തിനുമാണ്. വിവര സുരക്ഷയില്‍ നേരത്തെയും കൊവിന്‍ ആപ്പിനെതിരെ പരാതികളുയര്‍ന്നിരുന്നു. അന്നൊക്കെ പ്രതിപക്ഷ ആരോപണമെന്ന് നിസാരവത്ക്കരിച്ച് കേന്ദ്രം അത് തള്ളുകയായിരുന്നു. അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് തൃണമൂല്‍ കോൺഗ്രസ് ആവശ്യപ്പെടുന്നത്. വിവര ചോര്‍ച്ച സ്വകാര്യതയുടെ ലംഘനമാണെന്നും,  കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. അതേ സമയം വാര്‍ത്തകള്‍ക്ക് പുറത്ത് വന്നതോടെ  ടെലഗ്രാം ബോട്ടിലൂടെ ഇപ്പോള്‍ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ