
ചെന്നൈ: ആവശ്യം വന്നാൽ രാഷ്ട്രീയത്തിൽ ഒന്നിച്ചു പ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിച്ച് തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ രജനീകാന്തും കമൽഹാസനും. -തമിഴ്നാടിന്റെ വികസനത്തിന് ആവശ്യമെങ്കിൽ ഞാനും രജനിയും ഒരുമിച്ച് മുന്നോട്ട് പോകും. അത്തരം ആവശ്യം വരികയാണെങ്കിൽ അത് പ്രഖ്യാപിക്കുകയും ചെയ്യും. ഞങ്ങളുടെ ജോലിയാണ് പ്രധാനം. നയങ്ങളെക്കുറിച്ച് പിന്നീട് ചർച്ച നടത്തും. നാല്പത്തിമൂന്ന് വർഷങ്ങളായി ഒന്നിച്ച് ജോലി ചെയ്യുന്നവരാണ് ഞങ്ങൾ. ഞങ്ങൾ ഒരുമിക്കുന്നതിനെ അത്ഭുതമായി കാണേണ്ടതില്ല.- കമൽ വെളിപ്പെടുത്തി.
കമലിന്റെ വാക്കുകളോട് രജനികാന്തിന്റെ പ്രതികരണവും സഖ്യസാധ്യതയ്ക്ക് ഉറപ്പ് നൽകുന്ന രീതിയിലായിരുന്നു. തമിഴ്ജനതയുടെ വികസനത്തിന് ആവശ്യമെങ്കിൽ കമലുമായി കൈകോർത്ത് മുന്നോട്ട് പോകുമെന്നായിരുന്നു രജനിയുടെ പ്രതികരണം. സ്വന്തം രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്നും 2021 ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനികാന്ത് മുമ്പ് വ്യക്തമാക്കിയിരുന്നു. കമലിന്റെ സിനിമാ ജീവിതത്തിന്റെ അറുപതാം ആഘോഷവേളയിൽ അത്ഭുതം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ തന്നെ ആരും കാവി പുതപ്പിക്കാൻ ശ്രമിക്കേണ്ടെന്നും രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കമലും രജനിയും എന്ന അഭ്യൂഹങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam