
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനിയുടെയും രവിചന്ദ്രന്റെയും ശിക്ഷായിളവിന് വേണ്ടിയുള്ള അപേക്ഷയെ പിന്തുണച്ച് തമിഴ്‌നാട് സർക്കാർ. സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്‌നാട് സർക്കാർ ഇരുവർക്കും ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന ആവശ്യത്തെ പിന്തുണച്ചത്. 2018 സെപ്‌തംബറിൽ ശിക്ഷായിളവ് അനുവദിക്കണമെന്ന് തമിഴ്‌നാട് മന്ത്രിസഭ ഗവർണർക്ക് ശുപാർശ ചെയ്‌തിട്ടുണ്ട്. ആ ശുപാർശയിൽ ഉറച്ചുനിൽക്കുകയാണെന്നും തമിഴ്‌നാട് അറിയിച്ചു.
കേസിലെ ഏഴ് പ്രതികളിൽ പേരറിവാളൻ, നളിനി, രവിചന്ദ്രൻ എന്നിവർ മാത്രമാണ് ഇന്ത്യക്കാർ. കേസിലെ മറ്റ് നാല് പ്രതികൾ ശ്രീലങ്കക്കാരാണ്. നിലവിൽ നളിനിയും രവിചന്ദ്രനും തമിഴ്നാട് സർക്കാർ അനുവദിച്ച പരോളിലാണുള്ളത്. പേരറിവാളനെ മാസങ്ങൾക്ക് മുമ്പ് ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു. മെയ് 18 നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സമ്പൂർണ്ണ നീതി ഉറപ്പാക്കാൻ ഭരണഘടന സുപ്രീംകോടതിക്ക് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് ഉത്തരവ്. സംസ്ഥാന സർക്കാർ ശുപാർശ നല്‍കിയിട്ടും ഗവർണർ അത് നടപ്പാക്കാത്തതിൽ രൂക്ഷ വിമർശനം സുപ്രീംകോടതി ഉന്നയിച്ചിരുന്നു.
Also Read: രണ്ട് ബാറ്ററികളുടെ വില 31 വര്‍ഷം തടവ്, പേരറിവാളന് ഒടുവില്‍ മോചനം!
മുപ്പത് കൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ ശേഷമാണ് പേരറിവാളന്‍ മോചിതനായത്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ആർട്ടിക്കിൾ 142ന്‍റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
1991 മെയ് 21 -ന് രാത്രി പത്തരയോടെയാണ് ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നത്. ആ കൊലക്കേസിലെ പ്രതികൾ 1998 ജനുവരിയിൽ സ്‌പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേൽക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 -ൽ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവർ സമർപ്പിച്ച ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam