നളിനിക്ക് ആശ്വാസം; പരോൾ കാലാവധി മൂന്നാഴ്ച കൂടി നീട്ടി മദ്രാസ് ഹൈക്കോടതി

By Web TeamFirst Published Aug 22, 2019, 2:26 PM IST
Highlights

കഴിഞ്ഞമാസം 25നാണ് മകൾ അരിത്രയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി ഹൈക്കോടതി നളിനിക്ക് പരോൾ അനുവദിച്ചത്. 

മുംബൈ: രാജീവ് ഗാന്ധി വധക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന്റെ പരോള്‍ കാലാവധി മൂന്നാഴ്ച കൂടി നീട്ടി. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി. ഈ മാസം 25 ന് പരോള്‍ അവസാനിക്കാനിരിക്കേയാണ് പരോൾ കാലാവധി മദ്രാസ് ഹൈക്കോടതി നീട്ടി നൽകിയത്.

കഴിഞ്ഞമാസം 25നാണ് മകൾ അരിത്രയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി ഹൈക്കോടതി നളിനിക്ക് പരോൾ അനുവദിച്ചത്. ജയിലില്‍ വച്ചാണ് നളിനി അരിത്രയ്ക്ക് ജന്മം നൽകിയത്. 

മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21-ന് ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി. ഇരുപത്തിയേഴ് വർഷത്തിനിടെ 2016 ല്‍ പിതാവിന്‍റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയിരുന്നത്. 

നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്. 41 പ്രതികളുണ്ടായിരുന്ന കേസിൽ 26 പേർക്കും ടാഡ കോടതി 1998ൽ വധശിക്ഷ വിധിച്ചു. 1999ൽ മുരുഗൻ, ശാന്തൻ, പേരറിവാളൻ  എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. റോബർട്ട് പയസ്, ജയകുമാർ, നളിനി, രവിചന്ദ്രൻ എന്നിവരുടേത് ജീവപര്യന്തമായി കുറച്ചു. മറ്റ് 19 പേരെ വെറുതെവിട്ടിരുന്നു.  

click me!