ശാരദാ ചിട്ടിതട്ടിപ്പ്: സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, രാജീവ് കുമാറിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

By Web TeamFirst Published May 1, 2019, 12:32 PM IST
Highlights

ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട സിബിഐയോട് മെയ് ഒന്നിന് തെളിവുകൾ ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

ദില്ലി: ശാരദാ ചിട്ടി തട്ടിപ്പുകേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കൊൽക്കത്ത മുൻ കമ്മിഷണർ രാജീവ് കുമാർ ശ്രമിച്ചുവെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥനെയും സ്വാധീനിക്കാൻ രാജീവ് കുമാര്‍ ശ്രമിച്ചുവെന്നും സര്‍ക്കാര്‍ പറ‌ഞ്ഞു. 

ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട സിബിഐയോട് മെയ് ഒന്നിന് തെളിവുകൾ ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങിയ ബെഞ്ചിന്‍റേതാണ് നിര്‍ദേശം. അറസ്റ്റിന് ആവശ്യമായ തെളിവുകളും വാദങ്ങളും അറിയക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. അതേസമയം രാജീവിനെതിരായ തെളിവുകള്‍ തന്നെ ഹാജരാക്കാന്‍ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്‍ജീവ് ഖന്ന എന്നിവര്‍ ആവശ്യപ്പെടുകയായിരുന്നു. 

നേരത്തെ അദ്ദേഹതത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകൾ ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്നു രാജീവ് കുമാർ.  2014ൽ സുപ്രീംകോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. കൊൽക്കത്ത പൊലീസ് കേസ് അന്വേഷിക്കവേ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാനായി തെളിവ് നശിപ്പിക്കുകയും സുപ്രധാന രേഖകൾ സിബിഐയ്ക്ക് കൈമാറാൻ വിസമ്മതിക്കുകയും ചെയ്തുവെന്നാണ് രാജീവ് കുമാറിനെതിരായ ആരോപണം. 

നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള ശ്രമം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാന പൊലീസും തടഞ്ഞത് വിവാദത്തിന് വഴി വച്ചിരുന്നു. പിന്നീട് സിബിഐ സുപ്രിംകോടതയില്‍  ഹർജി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കോടതി നിര്‍ദേശ പ്രകാരം രാജീവ് ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ ആരോപണ വിധേയനായ തൃണമൂൽ എംപി കുനാൽ ഘോഷിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു.
 

click me!