'ഇന്ദിര ജനാധിപത്യത്തെ ജയിലിലടച്ചു, രാഹുൽ ഭരണഘടന പോക്കറ്റിലിട്ട് നടന്ന് അരാജകത്വം സൃഷ്ടിക്കുന്നു'; ആഞ്ഞടിച്ച് രാജ്‌നാഥ് സിങ്

Published : Oct 16, 2026, 11:35 AM IST
Rajnath Singh Against Rahul Gandhi

Synopsis

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. രാഹുൽ ഗാന്ധി ഭരണഘടന പോക്കറ്റിലിട്ട് നടന്ന അരാജകത്വം സൃഷ്ടിക്കുകയാണെന്ന് രാജ്നാഥ് സിംഗ് ആരോപിച്ചു.

ലക്നൗ: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ജനാധിപത്യത്തിൻ്റെ പേര് പറഞ്ഞ് അരാജകത്വം അഴിച്ചുവിടാനാകില്ലെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഭരണഘടന പോക്കറ്റിലിട്ട് രാഹുൽ അരാജകത്വം പ്രചരിപ്പിക്കുന്നു. സുപ്രീംകോടതി വിമർശനവും ആ വഴിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. നശീകരണത്തിൻ്റെ രാഷ്ട്രീയമാണ് രാഹുലിൻ്റേതെന്ന് വിമർ‌ശിച്ച രാജ്നാഥ് സിം​ഗ്, ജനാധിപത്യത്തെ അഴിക്കുള്ളിലാക്കിയ ആളാണ് രാഹുലിൻ്റെ മുത്തശിയെന്ന കാര്യം ആരും മറന്നിട്ടില്ലെന്നും പറഞ്ഞു.

"കോൺഗ്രസ് ഭരണത്തിലും ഒത്താശയിലും പൊറുക്കാനാവാത്ത മൂന്ന് വലിയ തെറ്റുകളാണ് ഇതുവരെ നടന്നത്. 1975ൽ ഇന്ദിരാ ​ഗാന്ധി കൊണ്ടുവന്ന അടിയന്തരാവസ്ഥയാണ് ഇതിൽ ഒന്നാമത്തേത്. 1984ൽ കോൺഗ്രസിന്റെ ഒത്താശയോടെ നടന്ന സിഖ് കൂട്ടക്കൊലയാണ് രണ്ടാമത്തെ തെറ്റ്. രാമഭക്തരായ കർസേവകരുടെ ചോരപ്പുഴ ഒഴുക്കിയ സർക്കാരിനെ 1990ൽ പിന്തുണച്ച് നിലനിർത്തിയതാണ് അവരുടെ മൂന്നാമത്തെ വലിയ തെറ്റ്"- രാജ്‌നാഥ് സിം​ഗ് പറഞ്ഞു. ഭരണഘടനയെയും സ്വയംഭരണ സ്ഥാപനങ്ങളെയും നിരന്തരം ആക്രമിച്ച് കോൺഗ്രസ് ഇപ്പോൾ തങ്ങളുടെ നാലാമത്തെ ചരിത്രപരമായ തെറ്റാണ് ചെയ്യുന്നതെന്ന് പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.

ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിച്ചു കോൺഗ്രസ് ഇന്ന് നാലാമത്തെ തെറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് രാജ്നാഥ് സിം​ഗ് പറഞ്ഞു. 1975ൽ ഇന്ദിരാഗാന്ധി ജനാധിപത്യത്തെ ജയിലിലടച്ചു. എന്നാൽ ഇന്ന് രാഹുൽ ​ഗാന്ധി ഭരണഘടനയെ പോക്കറ്റിലിട്ട് നടന്ന് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിന്റെ ചരിത്രമെടുത്തു നോക്കിയാൽ ഇതുപോലെ ഒരുപാട് ഇരുണ്ട അധ്യായങ്ങൾ കാണാൻ കഴിയുമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ ബലികൊടുക്കാൻ കഴിയില്ല. ഈ യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണം. കൃത്രിമമായ രോഷം ഉണ്ടാക്കിയും സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തിയും രാഷ്ട്രീയ അവസരവാദം കാണിച്ചും ഇന്ത്യയുടെ വികസന യാത്രയെ തടയാൻ കഴിയില്ല. ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന പേരിൽ നശീകരണത്തിൻ്റെ രാഷ്ട്രീയം കളിക്കുന്നതിന് പകരം, രാഹുൽ ​ഗാന്ധി ജനവിധി മാനിക്കണം. സ്വന്തം രാഷ്ട്രീയ റോളെന്താണെന്ന് അദ്ദേഹം സ്വയം ചിന്തിക്കണമെന്നും രാജ്നാഥ് സിം​ഗ് ആവശ്യപ്പെട്ടു.

ബംഗ്ലാദേശിൽ നടന്നതുപോലെ ഇന്ത്യയിലും ഭരണമാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും രാജ്നാഥ് സിം​ഗ് ആരോപിച്ചു. യുവാക്കളെ കരുവാക്കി രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ തകർത്ത് രാജ്യത്ത് തീയിടുക എന്നത് മാത്രമാണ് ഇവരുടെ അജണ്ടയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇവരുടെ സമരം തെരഞ്ഞെടുപ്പ് പരിഷ്കരണത്തിന് വേണ്ടിയോ എസ്ഐആർ അല്ലെങ്കിൽ ​ഗ്യാനേഷ് കുമാറിന് വേണ്ടിയോ അല്ല. യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയുമല്ല. രാജ്യത്ത് അരാജകത്വം ഉണ്ടാക്കി അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചന മാത്രമാണിതെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം
'റിപ്പബ്ലിക് ടിവി മാധ്യമ പ്രവർത്തകർ സിജെപി പ്രവർത്തകയെ മർദിച്ചു'; ആരോപണവുമായി അഭിജീത് ദീപ്കെ