
ദില്ലി: ഇന്ത്യ–പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്ക് കേന്ദ്രീകരിച്ച് സൈനിക വിന്യാസം നടത്തുന്ന പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏത് അതിസാഹസികതയ്ക്കും കനത്ത വില നൽകേണ്ടിവരുമെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. ഭുജിലെ സൈനിക കേന്ദ്രത്തിൽ വിജയദശമി ദിനത്തിൽ ജവാന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നിയന്ത്രണരേഖയിലേത് പോലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം നിലനിൽക്കുന്ന പ്രദേശമാണ് ഗുജറാത്തിലെ സർ ക്രീക്ക് മേഖല. ഇവിടെ പാകിസ്ഥാൻ ഭാഗത്ത് സൈനിക സൗകര്യങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി പാകിസ്ഥാൻ വർധിപ്പിച്ചു വരികയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രി നിലപാട് കടുപ്പിക്കുന്നത്. ഈ വിഷയം ഉഭയകക്ഷി സംഭാഷണത്തിലൂടെ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ പലവട്ടം ശ്രമിച്ചിട്ടും പാകിസ്ഥാന്‍ വഴങ്ങിയില്ല. ഇപ്പോള്‍ പാക് സൈന്യം അവരുടെ വിന്യാസം ഈ മേഖലയില്‍ വര്‍ധിപ്പിക്കുകയാണ്. സര്‍ ക്രീക്കില്‍ ഏതെങ്കിലും സാഹസത്തിന് പാകിസ്ഥാന്‍ മുതിര്‍ന്നാല്‍ പാകിസ്ഥാന്‍റെ ചരിത്രവും ഭൂപ്രകൃതിയും മാറ്റുന്ന തരത്തില്‍ മറുപടിയുണ്ടാകുമെന്നും പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കി. സർ ക്രീക്കിലൂടെ കറാച്ചിയിലേക്ക് വഴിയുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
വിജയദശമി ദിനാഘോഷങ്ങളുടെ ഭാഗമായി സൈനികരെ കാണാനാണ് സർ ക്രീക്ക് മേഖലയിലെ ലക്കി നാല സൈനികകേന്ദ്രത്തിൽ പ്രതിരോധമന്ത്രി എത്തിയത്. ഗുജറാത്തിലെ കച്ചിനും പാക്കിസ്ഥാന്‍റെ സിന്ധ് പ്രവിശ്യയ്ക്കും ഇടയില്‍ 96 കിലോ മീറ്ററിലായി വ്യാപിച്ച് കിടക്കുന്ന അഴിമുഖ പ്രദേശമാണ് സിര്‍ ക്രീക്ക്. ക്രീക്കിന്‍റെ മധ്യഭാഗത്തായാണ് അതിര്‍ത്തിയെന്ന് ഇന്ത്യ വ്യക്തമാക്കുന്നത്. എന്നാല്‍ അഴിമുഖത്തിന്‍റെ കിഴക്കേ തീരത്ത്, ഇന്ത്യയോട് ചേര്‍ന്നാണ് അതിര്‍ത്തിയെന്നാണ് പാകിസ്ഥാന്‍ വാദിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam