
ദില്ലി : ജി20 ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കം. റഷ്യ-യുക്രെയ്ൻ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം കൂട്ടിയെന്നും പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ലോക നേതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.
കൊവിഡിന് ശേഷം ലോകത്ത് വലിയ വിശ്വാസരാഹിത്യമുണ്ടായി. റഷ്യ -യുക്രെയിൻ സംഘർഷം ഈ വിശ്വാസരാഹിത്യം വർദ്ധിക്കാൻ ഇടയാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ലോകത്തിന് മുന്നിൽ പുതിയൊരു മാർഗം തുറക്കേണ്ട സമയമാണ്. പഴയ പ്രശ്നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. കൊവിഡ് 19 നെ തോൽപ്പിക്കാൻ കഴിഞ്ഞ നമുക്ക് യുദ്ധം സൃഷ്ടിച്ച വിശ്വാസരാഹിത്യത്തെ മറികടക്കാനും കഴിയും. എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചുവെന്നും മോദി ചടങ്ങിൽ അഭിപ്രായപ്പെട്ടു. മൊറോക്കോ ഭൂചലനത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച മോദി സാധ്യമായ എല്ലാ സഹായവും നൽകുമെന്നും പ്രഖ്യാപിച്ചു.
ഉച്ചകോടിക്കായി ദില്ലിയിലെത്തിയ ലോക നേതാക്കളേയും പ്രത്യേക ക്ഷണിതാക്കളേയും സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്‌സ് ലോഞ്ചില്‍ കൊണാര്‍ക്ക് ചക്രത്തിന്‍റെ മാതൃകക്ക് മുന്നില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിച്ചേർന്നിട്ടുള്ളത്. അര്‍ജന്‍റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളും ജി20യില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam