
ദില്ലി: രാജ്യസഭ അവകാശ സമിതി യോഗം ഇന്ന് ചേരും. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം കേരള നിയമസഭ പാസാക്കിയത് ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നല്‍കിയ അവകാശ ലംഘന നോട്ടീസ് യോഗം ചര്‍ച്ചചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. പാർലമെന്‍റ് പാസ്സാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്ന നിയമസഭ പ്രമേയം അവകാശ ലംഘനമാണെന്നാണ് ജിവിഎല്‍ നരസിംഹറാവു എംപി നല്‍കിയ നോട്ടീസില്‍ പറയുന്നത്.
പത്തംഗ സമിതിയില്‍ ഭരണപക്ഷത്തിന് ആറ് അംഗങ്ങളുണ്ട്. നിയമസഭ പാസ്സാക്കിയ പ്രമേയമായതിനാൽ മുഖ്യമന്ത്രിയെക്കാൾ ഉത്തരവാദിത്തം സ്പീക്കർക്കാണെന്നും അതിനാല്‍ ഇക്കാര്യത്തിൽ സമിതിക്ക് ഇടപെടാന്‍ പരിമിതയുണ്ടെന്നുമാണ് വിദഗ്ധർ പറയുന്നത്.
കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നത്. രാജ്യമെങ്ങും പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണെന്നും അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ഉള്ളത്.
രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു നിയമസഭയിൽ പ്രമേയം പാസാക്കിയത്. സര്‍വകക്ഷിയോഗ തീരുമാനം അനുസരിച്ച് പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്തായിരുന്നു പ്രമേയ അവതരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam