രാജ്യസഭാ തെരഞ്ഞെടുപ്പ്; എംഎൽഎമാരെ റിസോ‍ര്‍ട്ടിലേക്ക് മാറ്റി ജെഡിഎസ്

Published : Jun 09, 2022, 10:55 PM IST
രാജ്യസഭാ തെരഞ്ഞെടുപ്പ്; എംഎൽഎമാരെ റിസോ‍ര്‍ട്ടിലേക്ക് മാറ്റി ജെഡിഎസ്

Synopsis

ബിജെപിക്ക് രണ്ടും, കോൺഗ്രസിന് ഒന്നും സീറ്റിൽ ജയിക്കാം. നാലാമത് സീറ്റിലേക്ക് ജയിക്കാമെന്ന് കണക്ക് കൂട്ടിയ ജെഡിഎസിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിരിക്കുകയാണ്...

ബെംഗളുരു: രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കർണാടകയില് ജെഡിഎസ്സിന്റെ മുഴുവൻ എംഎൽമാരെയും റിസോർട്ടിലേക്ക് മാറ്റി. ബെംഗളുരുവിലെ സ്വകാര്യ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്. 32 ജെഡിഎസ് എംഎൽഎമാരെയാണ് മാറ്റിയത്. കർണ്ണാടകയിൽ നാല് സീറ്റുകളിൽ ആറ് സ്ഥാനാർത്ഥികളാണുള്ളത്. ജയിക്കാൻ വേണ്ടത് 45 വോട്ടുകളാണ്. 

ബിജെപിക്ക് രണ്ടും, കോൺഗ്രസിന് ഒന്നും സീറ്റിൽ ജയിക്കാം. നാലാമത് സീറ്റിലേക്ക് ജയിക്കാമെന്ന് കണക്ക് കൂട്ടിയ ജെഡിഎസിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിരിക്കുകയാണ്. ഈ വെല്ലുവിളികൾക്കിടെയിൽ ആര് നേടുമെന്നത് നിർണ്ണായകമാണ്. ഇതിനിടയിലാണ് ജെഎഡ‍ിഎസ് സ്ഥാനാർത്ഥികളെ മാറ്റിയത്. 

കര്‍ണാടകയ്ക്ക് പുറമെ ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെയും പതിനാറ് സീറ്റുകളിൽ  തെരഞ്ഞെടുപ്പ് നിർണ്ണായകമാകും. കുതിര കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ ഹരിയാനയിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു. 

200 അംഗ നിയമസഭയിൽ രാജസ്ഥാനിൽ കോൺഗ്രസിന് 108 ഉം ബിജെപിക്ക് 71 ഉം സീറ്റുകളാണുള്ളത്. ജയിക്കാൻ ഓരോ സ്ഥാനാർത്ഥിക്കും കിട്ടേണ്ടത് 41 വോട്ടാണ്. സീറ്റ് നില പരിശോധിച്ചാൽ കോൺഗ്രസിന് 2 ഉം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാം. നാല് സീറ്റുകളുള്ളതിൽ അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസിന് മൂന്ന് സ്ഥാനാർത്ഥികളെയും കൂടി ജയിപ്പിക്കാന്15 വോട്ട് അധികം വേണം. സ്വന്തം സ്ഥാനാർത്ഥിക്ക് പുറമെ  സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയെന്ന സ്വതന്ത്രനെ കൂടി പിന്തുണക്കുമ്പോൾ ബിജെപിക്ക് 11 വോട്ട് കൂടി വേണം. പുറത്ത് നിന്നുള്ള സ്ഥാനാർത്ഥികളെ എത്തിച്ചതിൽ കലിപൂണ്ട കോൺഗ്രസ് ക്യാമ്പിന് പാളയത്തിലെ പടയിൽ ആശങ്കയുണ്ട്. ചെറുപാർട്ടികളുടെയും സ്വന്ത്രരുടെയും നിലപാട് നിർണ്ണായകമാകും.

ഹരിയാനയിൽ രണ്ട് രാജ്യസഭ സീറ്റാണുള്ളത്. 90 അംഗ നിയമസഭയിൽ 40 സീറ്റുള്ള ബിജെപി ഒരു സീറ്റ് ഉറപ്പിച്ചു. ജയിക്കാൻ 31 വോട്ടാണ് വേണ്ടതെന്നിരിക്കേ കോൺഗ്രസിനുള്ളത് കൃത്യം 31 സീറ്റ്. അജയ് മാക്കൻറെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് മൂന്ന് എംഎൽഎമാർ പാർട്ടിയെ വെല്ലുവിളിച്ച് നിൽക്കുന്നു. സ്വന്തം സ്ഥാനാർത്ഥിക്ക് പുറമെ ന്യൂസ് എക്സ് മേധാവി കാർത്തികേയ ശർമ്മയെ സ്വന്ത്രനായി  ഇറക്കി ബിജെപി മത്സരം കടുപ്പിക്കുന്നു. മാക്കൻറെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് നിൽക്കുന്ന കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടുകയും, ജെജപി, ഹരിയാന ലോക് ഹിത് പാർട്ടി എന്നിവരുടെയും ചില സ്വതന്ത്രുടെയും പിന്തുണ കിട്ടിയാൽ ജയിക്കാമെന്ന് ബിജെപി കരുതുന്നു.

മഹാരാഷ്ട്രയിൽ ആറ് സീറ്റിലേക്ക് ഏഴ് സ്ഥാനാർത്ഥികളാണുള്ളത്. ജയിക്കാൻ വേണ്ടത് 42 വോട്ടാണ്. ശിവസേന, കോൺഗ്രസ്, എൻസിപി പാർട്ടികളടുങ്ങുന്ന മഹാവികാസ് അഘാഡിക്ക് 152 സീറ്റുകളാണുള്ളത്. ബിജെപിക്ക് 106 സീറ്റുകളുണ്ട്. ബിജെപിക്ക് രണ്ടും, മഹാവികാസ് അഘാഡിയിലെ കക്ഷികളായ എൻസിപി, കോൺഗ്രസ്, ശിവസേന എന്നിവർക്ക് ഓരോ സീറ്റിലും ജയിക്കാം. ആറാം സീറ്റിലേക്ക് ബിജെപിയും ശിവേസനയും ഒരോ സ്ഥാനാർത്ഥിയെ ഇറക്കി. യുപിയിൽ നിന്നുള്ള സ്ഥാനാർത്ഥിയെ ഇറക്കുമതി ചെയ്തതിൽ കോൺഗ്രസ് ക്യാമ്പിലും അമർഷം ശക്തമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ വിമർശനവുമായി കെ സി ശോഭിത
ആ ക്രെഡിറ്റ് മലയാളിക്ക്, ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം, പേര് ഉദയ്, 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് തൃശൂരുകാരൻ