ഗുജറാത്തിൽ മൂന്നും മധ്യപ്രദേശിൽ രണ്ടും മണിപ്പൂരും പിടിച്ച് ബിജെപി; കെസി വേണുഗോപാലും രാജ്യസഭയിൽ

By Web TeamFirst Published Jun 19, 2020, 5:45 PM IST
Highlights

കോൺഗ്രസ് വലിയ പ്രതീക്ഷയോടെ കരുനീക്കങ്ങൾ നടത്തിയ മണിപ്പൂരിൽ ബിജെപിയിൽ നിന്നു രാജിവച്ച മൂന്ന് എംഎൽഎമാർ വോട്ട് ചെയ്തില്ല. തൃണമൂൽ എംഎൽഎയും വിട്ടുനിന്നു

ദില്ലി: എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. മണിപ്പൂരിൽ വൻ പ്രതിസന്ധിയെ അതിജീവിച്ച് ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. മധ്യപ്രദേശിലെ രണ്ട് സീറ്റ് ബിജെപിയും ഒന്നിൽ കോൺഗ്രസും വിജയിച്ചു. ഗുജറാത്തിലെ നാലിൽ മൂന്ന് സീറ്റും ബിജെപി നേടി. അതേസമയം രാജസ്ഥാനിൽ നിന്ന് കെസി വേണുഗോപാലടക്കം രണ്ട് പേരെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചു.

ജാർഖണ്ഡിലെ രണ്ട് സീറ്റുകളിൽ ബിജെപിയും ജെഎംഎമ്മും വിജയിച്ചു. ഇതോടെ ഷിബു സോറൻ രാജ്യസഭയിലെത്തുമെന്ന് ഉറപ്പായി. രാജസ്ഥാൻ നിയമസഭയിൽ നിന്ന് 64 വോട്ടുകൾ നേടിയാണ് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ രാജ്യസഭയിലേക്ക് വിജയം നേടുന്നത്. സഹ സ്ഥാനാർത്ഥി നീരജ് ദങ്കിക്ക് 59 വോട്ടും ലഭിച്ചു. ഇവിടെ ഒരു സീറ്റിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.

എന്നാൽ മധ്യപ്രദേശിൽ രണ്ട് സീറ്റുകൾ ബിജെപിക്ക് കിട്ടി. കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. ജ്യോതിരാദിത്യ സിന്ധ്യയും സുമർ സിങ് സോളങ്കിയും വിജയിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ദിഗ്‌വിജയ് സിംഗിന് മാത്രമാണ് വിജയം നേടാനായത്. മേഘാലയയിലെ ഏക സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 39 വോട്ട് നേടിയ എൻപിപി വിജയിച്ചു. ആന്ധ്രപ്രദേശിൽ മത്സരം നടന്ന നാല് സീറ്റിലും വൈഎസ്ആർ കോൺഗ്രസ് വിജയിച്ചു.

ഗുജറാത്തിൽ 170 എംഎൽഎമാരാണ് വോട്ട് ചെയ്തത്. ഇവിടെ അവസാന സമയത്ത് ബിജെപി നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങൾ വിജയം കണ്ടു. ഇതോടെ ആകെയുള്ള നാലിൽ മൂന്ന് സീറ്റിലും ബിജെപി സ്ഥാനാർത്ഥികൾ തന്നെ വിജയിച്ചു. അജയ് ഭരദ്വാജ്, രമീലാ ബാറാ, നരഹരി അമീന്‍ എന്നിവരാണ് ബിജെപിയില്‍ നിന്ന് രാജ്യസഭയിലെത്തിയത്. തെരഞ്ഞെടുപ്പിൽ നിന്ന് ഭാരതീയ ട്രൈബൽ പാർട്ടിയിലെ രണ്ടു എംഎൽഎമാർ വിട്ടു നിന്നു.

കോൺഗ്രസ് വൻ കരുനീക്കങ്ങൾ നടത്തിയ മണിപ്പൂരിൽ പക്ഷെ നിരാശയായിരുന്നു ഫലം. ബിജെപിയിൽ നിന്നു രാജിവച്ച മൂന്ന് എംഎൽഎമാർ വോട്ട് ചെയ്തില്ല. അതേസമയം കോൺഗ്രസിൽ നിന്നുള്ള മൂന്നംഗങ്ങൾ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചു. തൃണമൂൽ എംഎൽഎയും വിട്ടുനിന്നു. മന്ത്രിസഭയ്ക്ക് പിന്തുണ പിൻവലിച്ച നാല് എൻപിപി പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നു.

ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നാല് വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മൂന്ന് വീതം സീറ്റുകളിലേക്കും ഝാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

click me!