സമരവേദി മാറ്റില്ല, കർഷകർ ഗതാഗതം തടസപ്പെടുത്തിയിട്ടില്ലെന്ന് രാകേഷ് ടിക്കായത്ത്

By Web TeamFirst Published Oct 21, 2021, 5:50 PM IST
Highlights

കർഷകർ ഗതാഗതം തടസപ്പെടുത്തിയിട്ടില്ലെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത്.  ഗതാഗത തടസത്തിന് കാരണം പൊലീസ് ബാരിക്കേഡ് വഴികൾ സർക്കാർ അടച്ചിരിക്കുന്നു. 

ദില്ലി: കർഷകർ ഗതാഗതം തടസപ്പെടുത്തിയിട്ടില്ലെന്ന് (road block) ബികെയു നേതാവ് രാകേഷ് ടിക്കായത്ത്. ഗതാഗത തടസത്തിന് കാരണം പൊലീസ് ബാരിക്കേഡ് വഴികൾ സർക്കാർ അടച്ചിരിക്കുന്നതാണ്. സമരവേദി മാറ്റില്ല. പാർലമെന്റ് മാർച്ച് തീരുമാനിച്ചിട്ടില്ല. ശക്തമായ സമരവുമായി (Farmers Protest) മുന്നോട്ട് പോകുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള കർഷകരുടെ സമരത്തിനെതിരെ  വീണ്ടും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. റോഡ് തടഞ്ഞ് സമരംനടത്താൻ എന്ത് അവകാശമാണെന്ന് കോടതി ഇന്ന് കിസാൻ മോർച്ചയോട് ചോദിച്ചു. വേണ്ടത്ര ക്രമീകരണങ്ങൾ പൊലീസ് ഏർപ്പെടുത്താത്തതാണ് പ്രശ്നമെന്ന് കർഷക സംഘടനകൾ വിശദീകരിച്ചു. റോഡ് തടഞ്ഞുള്ള സമരം ഒഴിവാക്കുന്നതിൽ സമരം ചെയ്യുന്ന കർഷക സംഘടനകൾ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും ഡിസംബർ ഏഴിന് പരിഗണിക്കും. 

ജന്തർമന്തറിൽ പ്രതിഷേധിക്കാൻ അനുമതി തേടി കർഷകർ നൽകിയ ഹർജി പരിഗണിക്കവെയും സമാന പരാമർശം സുപ്രീം കോടതി നടത്തിയിരുന്നു. റോഡുകൾ ഉപരോധിച്ച് സമരം ചെയ്യുന്ന കർഷകർ ഡൽഹിയെ ശ്വാസം മുട്ടിക്കുകയാണെന്നായിരുന്നു അന്നത്തെ സുപ്രീം കോടതി നിരീക്ഷണം. ഈ രീതിയിൽ അനിശ്ചിതക്കാലം സമരം ചെയ്യാനാകില്ലെന്നും കോടതി അന്ന് പറഞ്ഞിരുന്നു. 

വിഷയത്തിൽ പരിഹാരം കാണമെന്ന് കേന്ദ്രസർക്കാരിനോടും, യുപി, ഹരിയാന സർക്കാരുകളോടും കോടതി അന്ന് ആവശ്യപ്പെട്ടിരുന്നു. ചർച്ചകൾക്കായി ഒരു ഉന്നതതല സമിതി രൂപീകരിച്ചെങ്കിലും പ്രതിഷേധിക്കുന്ന സംഘടനകൾ സമിതിയുമായി സഹകരിക്കുന്നില്ലെന്നായിരുന്നു അപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി. 

നേരത്തെ ഷെഹീൻ ബാഗ് സമരത്തിൽ  റോഡ് പൂർണ്ണമായി ഉപരോധിച്ച് സമരം അനുവദിക്കാനാകില്ലെന്നും മൂൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം സമരം നടത്താനാകൂവെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.

click me!