ട്രാഫിക് സിഗ്നലിൽ പൂക്കൾ വിൽക്കുകയായിരുന്ന 10 വയസുകാരിയെ ഇ-റിക്ഷ ഡ്രൈവർ പീഡിപ്പിച്ചു. പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വനപ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.
ദില്ലി: ദില്ലിയിൽ 10 വയസുകാരി ബലാൽസംഗത്തിന് ഇരയായി. പീഡനത്തിന് ശേഷം കുട്ടിയെ വനപ്രദേശത്ത് ഉപേക്ഷിച്ചു. കേസിൽ ഇ റിക്ഷ ഡ്രൈവർ ദുർഗേഷ് പിടിയിലായി.
ട്രാഫിക് സിഗ്നലിൽ പൂക്കൾ വിൽക്കുന്ന പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി പൂ വാങ്ങാമോ എന്ന് ചോദിച്ച് ഓട്ടോ ഡ്രൈവറെ സമീപിച്ചപ്പോൾ മുഴുവൻ പൂക്കളും വിൽക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വണ്ടിയിൽ കയറ്റി. ആളൊഴിഞ്ഞ കാടുപിടിച്ച പ്രദേശത്ത് പെൺകുട്ടിയെ കൊണ്ടുപോയി പ്രതി പീഡിപ്പിച്ചു. പെൺകുട്ടി മരിച്ചെന്ന് കരുതി ദുർഗേഷ് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയെ ബോധരഹിതയായി പരിക്കുകളോടെയാണ് കണ്ടെത്തിയത്. കടുത്ത ഞെട്ടലിലായിരുന്നു പെണ്‍കുട്ടി. ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിക്ക് വൈദ്യസഹായവും കൗൺസിലിംഗും നൽകിവരികയാണ്.
സംഭവം നടന്നത് ജനുവരി 11നാണ്. പ്രതിയെ കണ്ടെത്തിയത് 300 ലധികം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ്. 40 വയസ്സുകാരനാണ് പ്രതി ദുർഗേഷ്. മുമ്പ് പലതവണ ട്രാഫിക് സിഗ്നലിൽ പെൺകുട്ടിയെ കണ്ടിരുന്നുവെന്നും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതാണെന്നും ദുർഗേഷ് പൊലീസിനോട് പറഞ്ഞു. പ്രദേശത്തു നിന്നും തെളിവുകൾ പൊലീസ് കണ്ടെടുത്തു.


