
കാൺപൂര്‍: ഉത്തര്‍പ്രദേശിലെ ഔറയ്യയിൽ കൗതുകമുള്ളൊരു വിവാഹം നടന്നതിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 30 കാരിയായ യുവതി കൃഷ്ണ ഭഗവാനുമായി വിവാഹം നടത്തി. വിരമിച്ച അധ്യാപകനായ രഞ്ജിത് സിങ് സോളൻകിയുടെ മകൾ രക്ഷയാണ് വിവാഹിതയായത്. ശ്രീകൃഷ്ണനെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആഗ്രഹം അവളുടെ അച്ഛൻ നിറവേറ്റുകയായിരുന്നു.
മകളുടെ ആഗ്രഹം സാധിക്കാൻ അച്ഛനാണ് എല്ലാ ഒരുക്കങ്ങളും ചെയ്തത്. വിവാഹത്തിന് അതിഥികളായി ബന്ധുക്കളെയും അയൽക്കാരെയുമെല്ലാം വിളിച്ചിരുന്നു. ഗംഭീര വിരുന്നുമൊരുക്കി. മനോഹരമായി അലങ്കരിച്ച മണ്ഡപത്തിൽ വച്ചായിരുന്നു വിവാഹം. ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ച് ഗോഷയാത്ര നടന്നു. ആഘോഷത്തിന്റെ ഭാഗമായി ഡിജെ സംഗീത പരിപാടിയും നടന്നു.
അര്‍ധരാത്രിവരെ നീണ്ട വിവാഹ ചടങ്ങുകൾക്ക് ശേഷം കൃഷ്ണ വിഗ്രഹവുമായി യുവതി ബന്ധുവീട്ടിലേക്ക് പോയി. തുടര്‍ന്ന് തിരിച്ച് സ്വന്തം വീട്ടിലേക്ക് എത്തി. രക്ഷ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി നിയമബിരുദത്തിന് പഠിക്കുകയാണ്. കൃഷ്ണനെ വിവാഹം ചെയ്ത് ജീവിതകാലം മുഴുവൻ ജീവിക്കാനാണ് തീരുമാനമെന്ന് രക്ഷ പറയുന്നു. കഴിഞ്ഞ വര്‍ഷം മുതൽ രക്ഷ വിവാഹം ചെയ്തു നൽകാൻ അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ അത് സാധിച്ചുകൊടുക്കുകയായിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു.
കുട്ടിക്കാലം മുതൽ ശ്രീകൃഷ്ണനോട് വലിയ അടുപ്പം തോന്നിയിരുന്നു. ഏറെ നാളായി കൃഷ്ണനെ സ്വപ്നം കാണുണ്ടായിരുന്നു. സ്വപ്നത്തിൽ പലപ്പോഴും കൃഷ്ണൻ എനിക്ക് മാല ചാര്‍ത്തി. ഇപ്പോൾ വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മതത്തോടെയാണ് എന്റെ വിവാഹമെന്നും അവൾ പറഞ്ഞു. എല്ലാവരും വിവാഹത്തിൽ പങ്കെടുത്തു. രക്ഷയുടെ തീരുമാനത്തിൽ ഞങ്ങൾ സന്തോഷത്തിലാണ്. ഇപ്പോൾ കൃഷ്ണഭഗവാൻ ഞങ്ങളുടെ ബന്ധുവാണ്. എല്ലാം കൃഷ്ണന്റെ അനുഗ്രഹമാണെന്നുമായിരുന്നു രക്ഷയുടെ മൂത്ത സഹോദരി അനുരാധയുടെ വാക്കുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam