1977ല്‍ ഗിന്നസ് റെക്കോര്‍ഡിനുടമ; വിടവാങ്ങിയത് റെക്കോര്‍ഡ് തിരിച്ചുപിടിക്കണമെന്ന മോഹം ബാക്കിയാക്കി

By Web TeamFirst Published Oct 8, 2020, 10:21 PM IST
Highlights

2014ല്‍ പസ്വാന്‍ ജയിച്ചെങ്കിലും റെക്കോര്‍ഡ് ഭേദിക്കാനായില്ല. 21014ല്‍ ഏഴ് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച പ്രിതം മുണ്ടെയുടെ പേരിലാണ് ഇപ്പോള്‍ റെക്കോര്‍ഡ്. 

ദില്ലി: സ്വന്തം ഗിന്നസ് റെക്കോര്‍ഡ് തകര്‍ക്കാനുള്ള മോഹം ബാക്കിയാക്കിയാണ് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പസ്വാന്‍ വിടവാങ്ങിയത്. 1977ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് ലോക തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ റെക്കോര്‍ഡുമായി പസ്വാന്‍ പാര്‍ലമെന്റിലേക്ക് നടന്നുകയറിയത്. ലോകത്ത് തന്നെ ഒരു നേതാവ് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട റെക്കോര്‍ഡാണ് പസ്വാന്‍ സ്വന്തമാക്കിയത്. അന്ന് ജനതാ ദള്‍ നേതാവായിരുന്ന പസ്വാന്‍ ബിഹാറിലെ ഹാജിപുരില്‍ നിന്ന് 4.24 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അത്. തുടര്‍ന്ന് ഗിന്നസ് ബുക്കിലും അദ്ദേഹം ഇടംപിടിച്ചു. 

1991ല്‍ കോണ്‍ഗ്രസിന്റെ പി വി നരസിംഹ റാവു അഞ്ച് ലക്ഷം ഭൂരിപക്ഷത്തിന്റെ ജയത്തോടെ റെക്കോര്‍ഡ് ഭേദിച്ചു. ആന്ധ്രപ്രദേശിലെ നന്ദ്യാലില്‍ നിന്ന് വന്‍ മാര്‍ജിനില്‍ ജയിച്ച നരസിംഹറാവു പ്രധാനമന്ത്രി കസേരയില്‍ എത്തി. 
ഈ റെക്കോര്‍ഡ് 2014ലെ തെരഞ്ഞെടുപ്പില്‍ ഹാജിപുരില്‍ നിന്ന് തനിക്ക് ഭേദിക്കാനാകുമെന്ന് രാം വിലാസ് പസ്വാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. മോദിയുടെ പിന്തുണയോടെ അടുത്ത തെരഞ്ഞെടുപ്പില്‍ തന്റെ വിജയം വലിയ മാര്‍ജിനിലായിരിക്കുമെന്ന് പസ്വാന്‍ പറഞ്ഞിരുന്നു. മോദിക്ക് എല്ലാ വിഭാഗവും വോട്ട് ചെയ്യുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചിരുന്നു.

എന്നാല്‍, 2014ല്‍ പസ്വാന്‍ ജയിച്ചെങ്കിലും റെക്കോര്‍ഡ് ഭേദിക്കാനായില്ല. 2014ല്‍ ഏഴ് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച പ്രിതം മുണ്ടെയുടെ പേരിലാണ് ഇപ്പോള്‍ റെക്കോര്‍ഡ്. 

click me!