പരമോന്നത നീതിപീഠത്തില്‍ നിന്ന് രഞ്ജന്‍ ഗൊഗോയി പടിയിറങ്ങുന്നു; ബോബ്ഡേ നാളെ ചുമതലയേൽക്കും

By Web TeamFirst Published Nov 17, 2019, 12:15 AM IST
Highlights

2018 ഒക്ടോബര്‍ 3നാണ് ഇന്ത്യയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായി ഗൊഗോയി സ്ഥാനമേറ്റത്

ദില്ലി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങും. വിരമിച്ചാലും തന്‍റെ ഒരു ഭാഗം സുപ്രീംകോടതിയിൽ തുടരുമെന്ന് ബാര്‍ അസോസിയേഷന് നൽകിയ സന്ദേശത്തിൽ ജസ്റ്റിസ് ഗൊഗോയി വ്യക്തമാക്കിയിരുന്നു. 

കേസുകൾ കൈകാര്യം ചെയ്യുന്നതിലെ സുതാര്യതയില്ലായ്മ ഉയര്‍ത്തി ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കെ പരസ്യപ്രതിഷേധത്തിന് ഇറങ്ങിയ ജഡ്ജിമാരിൽ ഒരാളായിരുന്നു ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. ആ പ്രതിഷേധത്തിന് ശേഷം സുപ്രീംകോടതിയിൽ റോസ്റ്റര്‍ സംവിധാനം പുനഃസ്ഥാപിച്ചു. ഞാൻ എന്താണോ അതാണ് ഞാൻ, 2018 ഒക്ടോബര്‍ 3ന് ഇന്ത്യയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുമ്പോൾ ജസ്റ്റിസ് ഗൊഗോയി പറഞ്ഞ വാക്കുകളാണ് ഇത്.

പക്ഷെ, വിരമിക്കൽ ചടങ്ങിൽ മാധ്യമങ്ങൾക്കും, ബാര്‍ അസോസിയേഷൻ പ്രതിനിധികൾക്കും മുന്നിൽ പ്രസംഗം ഒഴിവാക്കി. സുപ്രീംകോടതിയുടെ ഭാഗമായി എന്നും ഉണ്ടാകും എന്ന് ബാര്‍ അസോസിയേഷന് എഴുതി നൽകിയ സന്ദേശത്തിൽ അദ്ദേഹം പറ‍ഞ്ഞു. കടുത്ത നിലപാടുകൾ അതാണ് ജസ്റ്റിസ് ഗൊഗോയിയെ വ്യത്യസ്ഥനാക്കിയത്.  ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കെ ലൈംഗിക ആരോപണം ഉയര്‍ന്നത് വലിയ ക്ഷീണമായി. ആ കേസിൽ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതി ക്ളീൻചിറ്റ് നൽകിയെങ്കിലും നടപടികളിയിലെ സുതാര്യതയില്ലാത്മ ഇപ്പോഴും ചര്‍ച്ചയായി തുടരുന്നു.

അയോധ്യ, ശബരിമല, റഫാൽ, അസം പൗരത്വ രജിസ്റ്റര്‍ തുടങ്ങി ഏറെ പ്രധാനപ്പെട്ട ഒരുപാട് കേസുകളിൽ വിധി പറഞ്ഞ ശേഷമാണ് ജസ്റ്റിസ് ഗൊഗോയി വിരമിക്കുന്നത്. കേരളത്തിലെ സൗമ്യ കേസ് പരിഗണിച്ചതും ഗൊഗോയി അധ്യക്ഷനായ ബെഞ്ചായിരുന്നു. 2012 ഏപ്രിൽ 23നാണ് ജസ്റ്റിസ് ഗൊഗോയി സുപ്രീംകോടതി ജഡ്ജിയായി എത്തിയത്. അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ജസ്റ്റിസ് ഗൊഗോയി.

ഗുവാഹത്തിയിലുള്ള കുടുംബ വീട്ടിൽ സ്ഥിരതമാസമാക്കാനാണ് ജസ്റ്റിസ് ഗൊഗോയിയുടെ തിരുമാനം. ഇസഡ് പ്ളസ് സുരക്ഷ നൽകണമെന്ന് അസം പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. പുതിയ ചീഫ് ജസ്റ്റിസാകുന്ന ജസ്റ്റിസ് എസ് എ ബോബ്ഡേ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിന് 11 മണിയോടെ സുപ്രീംകോടതിയിലെത്തി 47-ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.

click me!