ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ ചിന്മയാനന്ദിന് അണികള്‍ മാലയിട്ടും മുദ്രാവാക്യം വിളിച്ചും സ്വീകരണം നല്‍കി

By Web TeamFirst Published Feb 5, 2020, 9:31 PM IST
Highlights

ഷാജഹാന്‍പുര്‍ ജില്ലാ ജയില്‍ പരിസരത്ത് വെച്ചാണ് ചിന്മയാനന്ദിന്‍റെ അനുയായികള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കിയത്.

ലഖ്നൗ: നിയമബിരുദ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിന്മായനന്ദിന് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി. തിങ്കളാഴ്ചയാണ് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഷാജഹാന്‍പുര്‍ ജില്ലാ ജയില്‍ പരിസരത്ത് വെച്ചാണ് ചിന്മയാനന്ദിന്‍റെ അനുയായികള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കിയത്. പൂക്കള്‍ നല്‍കിയും പൂമാലയിട്ടും സ്വാമി ജി മഹാരാജ് കീ ജയ് മുദ്രാവാക്യം വിളിച്ചുമാണ് ചിന്മായനന്ദിനെ ജയിലില്‍ നിന്ന് എതിരേറ്റത്. നിയമനടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ചിന്മായനന്ദ് ജയിലില്‍ നിന്ന് ഇറങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു.

അറസ്റ്റിലായി നാല് മാസത്തിന് ശേഷം ചിന്മയാനന്ദിന് ജാമ്യം അനുവദിക്കുന്നത്. ഏറെ വിവാദമായ കേസില്‍ സെപ്റ്റംബര്‍ 20നാണ് ചിന്മയാനന്ദ് അറസ്റ്റിലാകുന്നത്. ഷാജഹാന്‍പുരില്‍ സ്വാമി ചിന്മായന്ദിന്‍റെ ആശ്രമമാണ് എസ്എസ് കോളേജ് നടത്തുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. നേരത്തെ തന്‍റെ പ്രായാധിക്യം പരിഗണിച്ച് തനിക്ക് പരോള്‍ അനുവദിക്കണമെന്ന് ചിന്മയാനന്ദ് ആവശ്യപ്പെട്ടിരുന്നു. ചിന്മായനന്ദ് തന്നെ പീഡിപ്പിച്ചെന്ന് ആഗസ്റ്റ് 23ന് പെണ്‍കുട്ടി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ചിന്മായനന്ദില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കാണാതായി.

Shahjahanpur: Former Union Minister & expelled BJP leader Chinmayanand released from jail after getting bail from Allahabad High Court in the alleged rape case of a law student. pic.twitter.com/WXM2svIKIQ

— ANI UP (@ANINewsUP)

ആഗസ്റ്റ് 30നാണ് പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയത്. തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്ന ചിന്മയാനന്ദിന്‍റെ പരാതിയില്‍ പെണ്‍കുട്ടിക്കെതിരെയും കേസെടുത്തിരുന്നു. തന്നെ ഭീഷണിപ്പെടുത്തി അഞ്ച് കോടി പെണ്‍കുട്ടിയും സുഹൃത്തും ആവശ്യപ്പെട്ടെന്നാണ് ചിന്മയാനന്ദ് പരാതിപ്പെട്ടത്. പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബിജെപി ചിന്മയാനന്ദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.  

ചിന്മായനന്ദിന് ജാമ്യം അനുവദിച്ച് കോടതിയ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. കന്യകാത്വം നഷ്ടമായിട്ടും പെണ്‍കുട്ടി മാതാപിതാക്കളോടോ മറ്റോ ഇക്കാര്യം പറയാത്തത് ആശ്ചര്യകരമാണ്. അത് ചെയ്യാന്‍ ശ്രമിക്കാതെ  ചിന്മയാനന്ദിനെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് പെണ്‍കുട്ടി ശ്രമിച്ചതെന്നും  ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദിയുടെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.
പെണ്‍കുട്ടിയുടെ സ്വഭാവം വിചിത്രമാണെന്നും കോടതി വിലയിരുത്തി.

ചിന്മയാനന്ദിനൊപ്പമുള്ള വീഡിയോ റെക്കോര്‍ഡ് ചെയ്തത് യുവതി തന്നെയാണെന്നും കോടതി നിരീക്ഷിച്ചു. മറ്റാരേയും അറിയിക്കാതെ പെണ്‍കുട്ടി രഹസ്യക്യാമറ ഉപയോഗിച്ച് കുറ്റാരോപിതനൊപ്പം വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നും കോടതി വിലയിരുത്തി. 

click me!